കോട്ടയം: കനത്ത വേനല്‍ചൂടില്‍ ജില്ലയിലെ കര്‍ഷകരുടെ പ്രതീക്ഷകളും കരിഞ്ഞുണങ്ങി. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വേനല്‍ച്ചൂടില്‍ ജില്ലയിലാകെ നഷ്ടമായത് 50.22 ലക്ഷം രൂപയുടെ കൃഷിയാണ്.
നെല്ല്, പച്ചക്കറി, വാഴ, കപ്പ എന്നിവയ്ക്കാണ് നഷ്ടമേറെയുണ്ടായത്. നെല്ലാണ് ജില്ലയില്‍ ഏറ്റവുമധികം കരിഞ്ഞ കൃഷി. കൃഷി വകുപ്പിന്റെ കണക്കുപ്രകാരം ആകെ 6.09 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. ഇത് 482 കൃഷിക്കാരെ നേരിട്ട് ബാധിച്ചു. കഴിഞ്ഞവര്‍ഷം ഇതേ സമയത്തുണ്ടായ കൃഷിനാശത്തേക്കാള് 15 ശതമാനം അധികമാണിത്. ഇടയ്ക്ക് വേനല്‍ മഴ ലഭിച്ചെങ്കിലും തുടരുന്ന കനത്ത ചൂടില്‍ കൃഷി ഉണങ്ങാത നോക്കാന്‍ കര്‍ഷകര്‍ പാടുപെടുകയാണ്. കാഞ്ഞിരപ്പള്ളിയിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്.
കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ മാത്രം 441 കര്‍ഷകരെ ബാധിച്ചു.ജലക്ഷാമമാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. വിഷുവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയവരില്‍ പലര്‍ക്കും കാര്യമായ വിളവ് ലഭിക്കാത്തത് തിരിച്ചടിയായി. പച്ചക്കറി കൃഷി ഏറെയുള്ളത് വൈക്കം, കടുത്തുരുത്തി ഭാഗങ്ങളിലാണ്. ഈ പ്രദേശങ്ങളില്‍ കൃഷിയെ ചൂട് സാരമായി ബാധിച്ചു. പാലുത്പാദനം കുറഞ്ഞത് ക്ഷീരകര്‍ഷകരെയും പ്രതിസന്ധിയിലാക്കി.കനത്ത വിലയിടിവ് നേരിടുകയാണ് കൈതച്ചക്ക കര്‍ഷകര്‍. വേനല്‍ച്ചൂടില്‍ ഉത്പാദനം തീരെ കുറഞ്ഞു. വില കുറയുകയാണ്. നാടന്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞത് മറുനാടന്‍ ലോബി മുതലെടുക്കുന്നുണ്ട്. തമിഴ്നാട്ടില്‍നിന്നാണ് ജില്ലയിലേക്ക് കൂടുതലായി പച്ചക്കറിയെത്തുന്നത്.
ചിലയിടങ്ങളില്‍ നേരിയ മഴ ലഭിച്ചെങ്കിലും ചൂട് കൂടിയത് എല്ലാ കൃഷികളെയും സാരമായി ബാധിച്ചിട്ടുണ്ട്. കൈത, ഏത്തവാഴ, റബര്‍ തൈകള്‍, പച്ചക്കറികള്‍, കവുങ്ങ്, കുരുമുളക്. കൊക്കോ. ജാതി തുടങ്ങിയവയെ പരിചരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. വേനലിനെ പ്രതിരോധിക്കാനായി വെള്ളത്തിനുപുറമെ കര്‍ഷകര്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുതുടങ്ങി.
റംമ്പുട്ടാന്, ജാതി അടക്കമുള്ള കൃഷികള്‍ക്ക് നനവ് അനിവാര്യമാണ്. വെള്ളത്തിന്റെ കുറവ് കൃഷികളെ സാരമായി ബാധിച്ചു. റംമ്പുട്ടാന് പൂവിട്ടുതുടങ്ങുന്ന സമയമാണ്. ചൂടുകാരണം പൂക്കള്‍ വ്യാപകമായി കൊഴിയുന്നതായി കര്‍ഷകര്‍ പറയുന്നു. ജാതിയടക്കമുള്ള ചെടികള്‍ വാടി ഉണങ്ങിത്തുടങ്ങി. പിടിച്ച കായകള്‍ പൊഴിഞ്ഞു പോകുകയാണ്.
ചൂട് ഏറ്റവുമധികം ബാധിക്കുന്ന കൃഷിയാണ് കൈതകൃഷി. വെയിലേറ്റ് കൈതച്ചക്ക കേടാകാതിരിക്കാന്‍ വലയോ, മെടഞ്ഞ ഓലകളോ ഇട്ടാണ് പരിചരിക്കുന്നത്. ഒരേക്കറോളം സ്ഥലത്ത് വല വിരിക്കാന്‍ ശരാശരി 70,000 മുതല്‍ 80.000 രൂപയോളം ചെലവുണ്ട് കൂടാതെ, ചിലര്‍ നനച്ചു കൊടുക്കുന്നുണ്ട്.
ചൂട് കൂടുന്നതിനാല്‍ ചെടികള്‍ പഴുത്ത് വാടി വലിയ നഷ്ടമുണ്ടാകുന്നതായി കര്‍ഷകര്‍ പറയുന്നു. ചൂട് കാരണം പിണ്ടികളിലെ വെള്ളം വറ്റി കുലച്ച വാഴകളടക്കം ഓടിയുന്നത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നു. ദിവസവും വാഴകള്‍ നനച്ചു നല്‍കുന്നത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നുണ്ട്.
