യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ നീട്ടിയതുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ഇറേനിയൻ കോൺസുലേറ്റ് പങ്കുവച്ച ഒരു പരിഹാസ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നയതന്ത്ര ചർച്ചകളിലെ അമേരിക്കയുടെ നിലപാടുകളെ കളിയാക്കാനാണ് ഇറേനിയൻ കോൺസുലേറ്റ് ഈ വീഡിയോ പങ്കുവച്ചത്.
വീഡിയോയിൽ ഉടനീളം ട്രംപിനെയും അമേരിക്കൻ നയതന്ത്രജ്ഞരെയും പരിഹസിക്കുകയാണ്. ഇറാനിയൻ പ്രതിനിധികൾ ഇല്ലാത്ത ശൂന്യമായ കസേരകൾക്ക് മുന്നിലിരുന്ന് ട്രംപ് ഗൗരവകരമായ ചർച്ച നടത്തുന്നതായാണ് വീഡിയോ.
ട്രംപ് വളരെ ഗൗരവത്തിൽ ചർച്ചയ്ക്ക് ഇരിക്കുന്നതോടെയാണ് വീഡിയോയുടെ ആരംഭം. പക്ഷേ മുന്നിലെ കസേരകളിലൊന്നും ഇറാൻ പ്രതിനിധികൾ ആരുംതന്നെയില്ല, വെറും കൊടിയും പേരും മാത്രം! കുറച്ചുനേരം കാത്തിരുന്നിട്ട് അക്ഷമനായ ട്രംപ് തന്റെ ഫോണെടുത്ത് ‘ഇറാനുമായി മികച്ച ചർച്ചകൾ നടക്കുന്നു’ എന്ന് സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.
പിന്നെയും കുറേ സമയം ഇറാൻ പ്രതിനിധികൾക്കായി ട്രംപ് കാത്തിരിക്കുന്നു. എന്നാൽ സമയം ഒരുപാട് കഴിഞ്ഞിട്ടും ആരെയും കാണാതായപ്പോൾ “അവർ വന്നില്ലെങ്കിൽ ബോംബിടും” എന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
ഏകദേശം 2000 വർഷങ്ങൾ കഴിഞ്ഞതായും ട്രംപ് വയസനായി ഇരിക്കുന്നതായും വീഡിയോയുടെ രണ്ടാം പകുതിയിൽ കാണിക്കുന്നു. ഒടുവിൽ ഇറാനിൽ നിന്ന് ഒരു കത്ത് വരുന്നു, അതിൽ എഴുതിയിരിക്കുന്നത് “ട്രംപ്, വായടയ്ക്കൂ” എന്നാണ്. ഇത് കേട്ട് അന്തംവിട്ടു നിൽക്കുന്ന ട്രംപ് ഒടുവിൽ പാകിസ്ഥാൻ പറഞ്ഞതുകൊണ്ട് മാത്രം കരാർ നീട്ടാൻ തീരുമാനിക്കുന്നു എന്ന് അറിയിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.
