സിനിമകള്‍ പീഡനങ്ങളെ നിസാരവല്‍ക്കരിക്കുന്നു ! നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളായി മാത്രം പീഡനം മാറുന്നുവെന്ന് രജീഷ വിജയന്‍…

സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികപീഡനങ്ങളെയും അതിക്രമങ്ങളെയും സിനിമയില്‍ നിസാരവല്‍ക്കരിക്കുന്നുവെന്ന് നടി രജീഷ വിജയന്‍. പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം എന്നാണ് രജിഷ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘സിനിമയില്‍ പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ഒരു ടൂളാണ് പീഡനം. നായകന്റെ അമ്മയോ, ഭാര്യയോ, സഹോദരിയോ പീഡിപ്പിക്കപ്പെടുന്നു. അതിനു ശേഷം പകരം വീട്ടാനായി ഇറങ്ങി തിരിക്കുന്ന നായകന്‍. ഇങ്ങനെയെല്ലാം എത്ര ചിത്രങ്ങളാണ് വന്നിട്ടുള്ളത്. ‘അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കില്‍, കരഞ്ഞിരുന്നെങ്കില്‍’ എന്നൊക്കെയുള്ള ഡയലോഗുകളും അങ്ങനെയാണ് സിനിമയില്‍ വന്നത്. വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്. എന്നാലിപ്പോള്‍ സിനിമകളില്‍ കുറേ മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. അതെല്ലാം സ്വാഗതാര്‍ഹമാണ്’ രജീഷ പറയുന്നു.

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ‘സ്റ്റാന്‍ഡ് അപ്പ്’ ആണ് രജിഷയുടെ തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. രജീഷയുടെ പ്രതികരണം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. നേരത്തെയും പല നടിമാരും ഇതേ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.

Related posts