തൃശൂര്‍: പടിഞ്ഞാറെ കോട്ടയിലുള്ള തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നീട് ഇയാളെ പിടികൂടി വീണ്ടും മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നു പലുർച്ചെ രണ്ടോടെയാണ് സംഭവം. നേപ്പാള്‍ സ്വദേശിയായ മാനസികാരോഗിയാണ് അക്രമാസക്തനായി നാട്ടുകാരെ കുത്തി പരിക്കേൽപ്പിച്ചത്.
ഇയാളെ ഇന്നു പുലര്‍ച്ചെയാണ് ആലുവ പോലീസ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. പിന്നീട് രണ്ടോടെ ആശുപത്രിയിലെ ശുചിമുറിവഴി ചാടിപ്പോവുകയായിരുന്നു. തുടർന്ന് അരകിലോമീറ്റർ ദൂരെയുള്ള കാമത്ത് ലെയിനിലെത്തിയപ്പോഴാണ് ഹോട്ടലുടമയായ മുരളിയെ (66) ഇയാൾ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇതിനുശേഷം കാല്‍നടയായി മാനസികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്ന പടിഞ്ഞാറെ കോട്ടയിലേക്കു തിരിച്ചെത്തുകയും അവിടെവച്ചും രണ്ടുപേരെകൂടി കുത്തുകയായിരുന്നു.
ഇതോടെ പോലീസ് എത്തി ഇയാളെ വീണ്ടും പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇയാൾ ചികിത്സയിലാണ്. കുത്തേറ്റ മൂന്നുപേരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മുരളിയെ അശ്വിനി ആശുപത്രിയിലും മറ്റു രണ്ടുപേരെയും ജൂബിലി മിഷൻ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിട്ടുള്ളത്.
