തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. ഒന്പതു പേരെ തിരിച്ചറിഞ്ഞു. 11 പേർ ചികിത്സയിൽ. രണ്ടുപേർ വെന്റിലേറ്ററിൽ. പഴയന്നൂർ വെണ്ണൂർ പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (40) തുടങ്ങിയവരെയാണ് തിരിച്ചറിഞ്ഞത്.
സുദർശന്റേയും വാസുദേവന്റേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. സുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ബാക്കി നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല. നാല് മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 23 ശരീര ഭാഗങ്ങൾ കിട്ടിയതായി മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം അറിയിച്ചു. ഇവയിൽ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ബാക്കി ഇന്ന് നടക്കും. 11 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അവരുടെ വിവരങ്ങൾ: സതീഷ് (46), പ്രവീൺ (45) എന്നിവർ വെൻ്റിലേറ്ററിലാണ്. ബാബു (56), വിഷ്ണു (30), രാജേഷ് (40), ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), സുഭദ്ര (68), ഭവാനി (65), സുന്ദരൻ (46), സാജൻ (37) തുടങ്ങിയവരാണ് ചികിത്സയിലുള്ളത്.
ഇതിൽ സുഭദ്രയെ ഡിസ്ചാർജ് ചെയ്തു.തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ഒമ്പത് ശരീര ഭാഗങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ അവശ്യമാണ്. സംഭവസ്ഥലത്ത് വെടിക്കെട്ടു ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ താഴെപ്പറയുന്ന കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തൃശൂർ താലൂക്ക് ഓഫീസ് : 04884 232226, തൃശൂർ കളക്ടറേറ്റ് കൺട്രോൾ റൂം : 94470 74424, മെഡിക്കൽ കോളജ് കൺട്രോൾ റൂം: 8075011853. സംഭവസ്ഥലത്ത് ജോലി ചെയ്തിരുന്നവരിൽ ആരെങ്കിലും സംഭവസ്ഥലത്തു നിന്ന് വിട്ടുപോയിട്ടുണ്ടെങ്കിൽ അവർ കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് മരണപ്പെട്ടവരെക്കുറിച്ചും കാണാതായവരെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അപകടത്തിൽപ്പെട്ടവർക്ക് മികച്ച ചികിത്സ നൽകുന്നതിന് തൃശൂർ മെഡിക്കൽ കോളേജും മെഡിക്കൽ സംഘവും പൂർണ സജ്ജമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
