ആലപ്പുഴ: രാത്രി എട്ടുകഴിഞ്ഞാലും ഗതാഗതക്കുരുക്കഴിയാതെ ആലപ്പുഴ പട്ടണം. ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ പൂർണമായും നിശ്ചലമാകുന്നത് പൊതുജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ഗതാഗതത്തിരക്ക് കുറയും മുൻപു തന്നെ ജംഗ്ഷനുകളിൽനിന്നു ട്രാഫിക് പോലീസ് പിൻവാങ്ങുന്നതും അവിടവിടെ മാത്രമുള്ള സിഗ്നൽ ലൈറ്റുകൾ ഓഫ് ചെയ്യുന്നതുമാണ് വലിയ ഗതാഗതക്കുരുക്കിലേക്ക് നഗരത്തെ തള്ളിവിടുന്നത്.
പട്ടണത്തിലെ പ്രധാന ജംഗ്ഷനുകളിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. ദീർഘദൂര യാത്രക്കാരും അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകളും ഈ കുരുക്കിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.കുരുക്ക് മുറുകുമ്പോൾ സമീപ കടക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും മറ്റുമാണ് റോഡിലിറങ്ങി വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. ട്രാഫിക് നിയന്ത്രണ സംവിധാനം നിലയ്ക്കുന്നതോടെ കാൽനടയാത്രക്കാർക്കും റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.
വിനോദസഞ്ചാരികളും അന്യജില്ലകളിൽനിന്നുള്ളവരും എത്തുന്ന ആലപ്പുഴ പോലൊരു പട്ടണത്തിൽ രാത്രിയിൽ ഗതാഗത നിയന്ത്രണ സംവിധാനം നോക്കുകുത്തിയാകുകയാണ്. ഉള്ള റോഡുകളെല്ലാം ഓരോ ആവശ്യങ്ങൾക്കായി പൊളിച്ചിട്ടിരിക്കുകയാണ്. റോഡുകളിൽ രാത്രിയിൽ ആവശ്യാനുസരണം വെളിച്ചമില്ലാത്തതും അപകടസാധ്യത ഉയർത്തുന്നു.
രാത്രി 10 വരെയെങ്കിലും പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് പോലീസിന്റെ സേവനം ഉറപ്പാക്കണമെന്നും രാത്രിയിലും പകലും ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സമയം ക്രമീകരിച്ചു പ്രവർത്തനക്ഷമമാക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ട്രാഫിക് നിയന്ത്രണ, വേഗ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ ആവശ്യപ്പെട്ടു.
