എടത്വ: സംഭരിച്ച നെല്ലിന്റെ പിആര്‍എസ് ബാങ്കുകള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി കര്‍ഷകർ. കുട്ടനാട്ടില്‍ നിന്ന് പുഞ്ചക്കൃഷിക്ക് വിളവെടുത്ത നെല്ലിന്റെ പിആര്എസാണ് ബാങ്കുകള്‍ സ്വീകരിക്കാത്തത്. പിആര്‍എസ് ബാങ്കുകള്‍ വാങ്ങിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് സമയ ബന്ധിതമായി നെല്ല് വില ലഭിക്കുകയുള്ളൂ.
മാര്‍ച്ച് 18 വരെയുള്ള പിആര്‍എസ് സ്വീകരിച്ചെന്ന് പാഡി ഓഫീസ് അറിയിക്കുമ്പോഴും വായ്പ നല്കുന്ന ബാങ്കുകള്‍ മറിച്ചാണ് പറയുന്നത്. അടുത്ത സര്‍ക്കാര്‍ എത്തിയശേഷം മാത്രമേ പിആര്‍എസ് സ്വീകരിച്ച് പണം അകൗണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയൂവെന്നാണ് ബാങ്കുകള്‍ നല്കുന്ന വിശദീകരണം. മാര്‍ച്ച് 31ന് ശേഷം ബാങ്കുകള്‍ പിആര്‍എസ് സ്വീകരിച്ചിരുന്നില്ല. പിആര്‍എസ് രസീതുകള്‍ മാഞ്ഞുപോകുന്ന അവസ്ഥയിലാണ്.
ബാങ്കുകാര് പിആര്‍എസ് സ്വീകരിക്കാതെ ഇരുന്നാല്‍ രസിത് വെള്ള കടലാസ് മാത്രമാകുന്ന അവസ്ഥയിലാകുമെന്നും കര്‍ഷകര്‍ പറയുന്നു. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ പകുതിയില്‍ മാത്രമാണ് നെല്ല് സംഭരണം നടന്നിട്ടുള്ളത്. സപ്ലൈകോയുടെ എറണാകുളം ഹെഡ് ഓഫീസില്‍ കര്‍ഷകര്‍ പരാതിപ്പെട്ടപ്പോഴും മാര്‍ച്ച് 18 വരെയുള്ള പിആര്‍എസ് പാസായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലാണ് കര്‍ഷകർ. മുന്‍കാലങ്ങളെ അപേക്ഷിച്ച് വിളവില്‍ വലിയ കുറവാണ് ഇക്കുറി ഉണ്ടായത്.
ഏക്കറില്‍ 30 ക്വിന്റല്‍ നെല്ല് കിട്ടിയ സ്ഥാനത്ത് 15 ക്വിന്റല്‍ പോലും കിട്ടാത്ത നൂറുകണക്കിന് കര്‍ഷകര്‍ ജില്ലയിലുണ്ട്. നെല്‍കൃഷിയില്‍നിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടിയില്ലെങ്കിലും സമയബന്ധിതമായി പിആര്‍എസ് വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകർ. പാട്ട കര്‍ഷകരാണ് ഏറെ പ്രതിസന്ധി നേരിടുന്നത്.
15000 മുതല്‍ 25000 രൂപ വരെ ഭൂഉടമകള്‍ക്ക് പാട്ടമായി നല്‍കിയാണ് കൃഷി ഇറക്കിയത്. കൃഷിച്ചെലവും തൊഴില്‍ കൂലിയും യന്ത്ര വാടകയും ചുമട്ടു കൂലിയും കഴിഞ്ഞാല്‍ നാമമാത്രമായ ലാഭം മാത്രമാണ് ലഭിക്കാറുള്ളത്. ഒട്ടുമിക്ക കര്‍ഷകരും പലിശയ്ക്കെടുത്തും സ്വര്‍ണം പണയപ്പെടുത്തിയുമാണ് കൃഷി ഇറക്കുന്നത്. പിആര്‍എസ് വായ്പ സമയബന്ധിതമായി ലഭിക്കാതെ വരുമ്പോള്‍ പലിശ കൊടുക്കാന്‍ പോലും തികയാത്ത അവസ്ഥയാണ്.
നെല്‍കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ചപ്പോഴും സംഭരിച്ച നെല്ലിന്റെ തുക പോലും കര്‍ഷകര്‍ക്ക് നല്കാന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
