തിരുവനന്തപുരം: സ്മാർട്ട് സിറ്റി രണ്ടാംഘട്ടത്തിന്റെ ഭാഗമായി കോ ർപറേഷനിൽ നടപ്പാക്കുന്ന 151 കോടിയുടെ പദ്ധതികൾ സംബന്ധിച്ച അജണ്ട ഇംഗ്ലീഷിൽ തയാറാക്കി നൽകിയതിനു പിന്നാലെ കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ വിവാദം. ഇന്നലെ ചേർന്ന കോർപറേഷന്റെ അടിയന്തര കൗണ്‍സിൽ യോഗമാണ് വിഷയം പരിഗണിച്ചത്.
പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം എതിർത്തോടെ അജണ്ട വായിച്ച് മലയാളത്തിൽ വിശദീകരിക്കാൻ മേയർ വി.വി. രാജേഷ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാൽ ഒരു മണിക്കൂറോളം ഉദ്യോഗസ്ഥർ കൗണ്‍സിലർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടും സംശയങ്ങൾ തീരാതെ വന്നതോടെ അജണ്ട പാസായതായി അറിയിച്ച് മേയർ തടിതപ്പി.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട വിജയരമായി നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ടത്തിൽ നഗരശുചിത്വ മാലിന്യ സംസ്കരണത്തിനും നിലവിലുള്ളവ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ വിശദമായ രൂപരേഖ തയാറാക്കി നൽകാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മേയർക്ക് ഡൽഹിയാത്രയുള്ളതിനാൽ അടിയന്തര കൗണ്‍സിൽ യോഗം ഇന്നലെ ചേരാൻ തീരുമാനിക്കുകയായിരുന്നു.12 പേജുള്ള അജണ്ട ഇംഗ്ലീഷിലായതോടെ അംഗങ്ങൾ പലരും വലഞ്ഞു. ദിവസങ്ങൾക്ക് മുന്‍പു ചേർന്ന ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പോലും ചർച്ചചെയ്യാതെ കൗണ്‍സിൽ ഈ വിഷയം കൊണ്ടുവന്നതിനെ അംഗങ്ങൾ എതിർത്തു.
സാങ്കേതികപരമായ വിഷയങ്ങൾ ഉൾപ്പെടുത്തി ഇംഗ്ലീഷിൽ അജണ്ട തയാറാക്കിയാൽ അംഗങ്ങൾ ബുദ്ധിമുട്ടാകുമെന്നും 101 കൗണ്‍സിലർമാരെയും ബോധ്യപ്പെടുത്തിയിട്ടേ അജണ്ട പാസാക്കാവൂ എന്ന് യുഡിഎഫിലെ കെ.എസ്. ശബരീനാഥൻ ആവശ്യപ്പെട്ടു.
ഭരണഭാഷ മലയാളമായിരിക്കെ അജണ്ട ഇംഗ്ലീഷിൽ അച്ചടിച്ചതിനെ വിമർശിച്ച് എൽഡിഎഫിലെ ആർ.പി. ശിവജിയും രംഗത്തെത്തി. അടുത്തൊരു കൗണ്‍സിലിലേക്ക് വിഷയം മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സമയപരിമിതി ചൂണ്ടിക്കാട്ടിയാണു മേയർ അജണ്ട വിശദീകരിക്കാൻ സ്മാർട്ട് സിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.
