(1) പൊതുവേദിയില്‍ നരേന്ദ്രമോഡിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടുന്ന സിദ്ധാര്‍ഥ്. (2) സിദ്ധാര്‍ഥ് തനിക്ക് ലഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കത്തുമായി.
പേരൂര്‍ക്കട: പെരുന്താന്നി ശ്രീചിത്ര നഗര്‍ രുഗ്മിണി ഹൗസില്‍ ശ്രീജിത്ത്-രേഷ്മ ദമ്പതികളുടെ മകന് സിദ്ധാര്‍ഥ് എന്ന 12 വയസുകാരനു കഴിഞ്ഞ ദിവസം ഒരു കത്തുകിട്ടി. കത്തയച്ചത് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രിയപ്പെട്ട സിദ്ധാര്‍ഥ് …
എന്നു തുടങ്ങുന്ന കത്തിനടിയില്‍ – സ്നേഹപൂര്‍വം പ്രധാനമന്ത്രി – എന്നുകണ്ടതോടെ അഭിമാനത്തിലാണ് ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ ആറാം ക്ലാസുകാരനായ ഈ കൊച്ചുമിടുക്കന്. “”കുഞ്ഞേ… നിന്റെ കൈ വേദനിക്കും…. ചിത്രത്തിന് പിന്നില്‍ നിന്റെ പേരും മേല്‍വിലാസവും എഴുതിയേല്പ്പിക്കൂ. ഞാന്‍ നിനക്ക് കത്തയയ്ക്കാം…
” പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ താന്‍ വരച്ച പ്രധാനമന്ത്രിയുടെ ചിത്രം ഉയര്‍ത്തിക്കാണിച്ച സിദ്ധാര്‍ഥിനു പ്രധാനമന്ത്രി അന്നുനല്‍കിയ വാക്കാണ് കഴിഞ്ഞ ദിവസം പാലിക്കപ്പെട്ടത്. “”പ്രിയപ്പെട്ട സിദ്ധാര്‍ഥ് സന്തോഷത്തോടെ സുഖമായിരിക്കുന്നല്ലോ.
നീ വരച്ച മനോഹരമായ ഒരു കലാസൃഷ്ടി ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്… ” ഇങ്ങനെ നീളുന്നു കത്തിലെ വരികള്‍. കഴിഞ്ഞ ജനുവരി 23ന് പ്രധാനമന്ത്രി പുത്തരിക്കണ്ടത്തെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് ചിത്രം ഉയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന സിദ്ധാര്‍ഥിനെ ശ്രദ്ധിച്ചത്.
സുരക്ഷാ ജീവനക്കാരോട് ആ ചിത്രം വാങ്ങി സൂക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. രാത്രിയില്‍ നാലു മണിക്കൂര്‍കൊണ്ട് വരച്ച ചിത്രം ഉയര്‍ത്തിപ്പിടിച്ചു നില് ക്കുമ്പോള് പ്രധാനമന്ത്രിയിലൂടെ ലോകം മുഴുവന്‍ തന്നെ ശ്രദ്ധിക്കുമെന്നു സിദ്ധാര്‍ഥും കരുതിയില്ല.
നാലു വയസുമുതല്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന സിദ്ധാര്‍ഥിന്റെ ആദ്യത്തെ പോട്രെയ്റ്റായിരുന്നു നീല കുര്‍ത്തയും വര്ണത്തലപ്പാവുമണിഞ്ഞു മന്ദസ്മിതം തൂകുന്ന നരേന്ദ്രമോഡിയുടെ ചിത്രം. പ്രധാനമന്ത്രി ചിത്രം ഏറ്റുവാങ്ങിയതിലും അതിന് അഭിനന്ദനക്കത്ത് അയച്ചതിലുമുള്ള അമിതാവേശത്തിലാണ് സിദ്ധാര്‍ഥ്.
പ്രശാന്ത്
പ്രശാന്ത്
