Set us Home Page

ടൂവീലറിലെ സഹയാത്രികൻ അറിയേണ്ട കാര്യങ്ങൾ

ഇരുചക്രവാഹനത്തിന്‍റെ പിന്നിൽ ഇരിക്കുന്നവരുടെ ചെയ്തികൾ പലപ്പോഴും അപകടത്തിനു ഇടയാക്കാറുണ്ട്. സഹയാത്രികന്‍റെ അപ്രതീക്ഷിതമായ പ്രതികരണങ്ങൾ രണ്ട് ചക്രങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്ന വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുത്താം. അത്തരം അപകടസാഹചര്യങ്ങൾ ഒഴിവാക്കാൻ സഹായകമായ ചില വിവരങ്ങൾ പങ്കുവയ്ക്കുകയാണിവിടെ.

1. റൈഡർ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങാൻ പൂർണ്ണമായി തയ്യാറെടുത്തശേഷം മാത്രം സഹയാത്രിക ( ൻ ) പിന്നിൽ കയറുക. ഒന്നും നോക്കാതെയും പറയാതെയും പെട്ടെന്ന് വണ്ടിയിലേയ്ക്ക് ചവിട്ടിക്കയറിയാൽ റൈഡറുടെ ബാലൻസ് തെറ്റി വണ്ടി മറിയാൻ ഇടായാകും. സ്ത്രീകളാണ് പൊതുവെ ഇത്തരം അപകടം ഉണ്ടാക്കാറുള്ളത്.

2. പിന്നിലിരിക്കുന്ന ആൾ റൈഡറുടെ തുടകളുടെ മേലറ്റത്ത് മുട്ടുകൾ ചേർത്ത് വച്ച് ഇരിക്കുക. ബ്രേക്ക് ചെയ്യുന്പോൾ സീറ്റിന്‍റെ മുന്നിലേയ്ക്ക് നിരങ്ങിപ്പോകാതിരിക്കാനും ഇരിപ്പ് കൂടുതൽ ഉറപ്പുള്ളതാക്കാനും ഇതു സഹായിക്കും. പിന്നിലെ ഗ്രാബ് റയിലിൽ പിടിച്ച് പിന്നോട്ടാഞ്ഞ് ഇരിക്കുന്നത് ടൂവീലറിന്‍റെ ബാലൻസ് തെറ്റിക്കും.

3. ഒരു വശത്തേയ്ക്ക് തിരിഞ്ഞ് ഇരിക്കുന്നുള്ള യാത്ര സുരക്ഷിതമല്ല. കാരണം സാരിയും ചുരിദാർ ഷോളുമൊക്കെ പിന്നിലെ ടയറിൽ കുരുങ്ങാനുള്ള സാധ്യത കൂടുതലാണ്. പിന്നിൽകയറുന്നയാൾ നേരെയിരുന്ന് ഇരുവശത്തുമുള്ള ചവിട്ടിയിൽ കാൽ വച്ച് ഇരിക്കുന്നതാണ് വണ്ടി ഓടിക്കുന്ന ആളിനും സൗകര്യം. കാലുകൾ വെറുതെ തൂക്കിയിടരുത്. അല്ലാത്തപക്ഷം ഹന്പുകളും ഗട്ടറുമൊക്കെ കടക്കുന്പോൾ അതിൽ കാൽ തട്ടി പരുക്കേൽക്കാനും ചിലപ്പോൾ വാഹനത്തിന്‍റെ ബാലൻസ് നഷ്ടപ്പെടാനും ഇടയാകും.

4. വണ്ടി വേഗമെടുക്കുന്നതും ബ്രേക്ക് ചെയ്യുന്നതുമൊക്കെ ശ്രദ്ധിച്ച് യോജ്യമാം വിധം റൈഡറെ മുറുകെ പിടിച്ച് ഇരിക്കുക.

5. അങ്ങോട്ടുമിങ്ങോട്ടും അനങ്ങും മുന്പ് റൈഡറോട് അതെപ്പറ്റി സൂചന നൽകുക. പിന്നിലിരിക്കുന്നവർ അമിതമായി സംസാരിക്കാതിരിക്കുക. അത് വണ്ടി ഓടിക്കുന്നയാളിന്‍റെ ശ്രദ്ധ കുറയ്ക്കും.

6. വളവുകൾ തിരിയുന്പോൾ പൂർണ്ണമായും റൈഡറെ വിശ്വാസത്തിലെടുക്കുക. ചെരിഞ്ഞ് കൊടുക്കുകയോ എതിർവശത്തേയ്ക്ക് ബലം പിടിക്കുകയോ ചെയ്യരുത്. ഒട്ടും ബലം പിടിക്കാതെ ഇരിക്കുക.

7. പോകേണ്ട റൂട്ട് നിങ്ങൾക്ക് അറിവുള്ളതാണെങ്കിൽ പോലും റൈഡറുടെ അനുവാദം കൂടാതെ കൈ കൊണ്ട് സിഗ്നൽ കാണിക്കാതിരിക്കുക. ഒരു പക്ഷേ റൈഡർ മറ്റൊരു വഴിയാകും മനസിൽ കണ്ടിട്ടുണ്ടാകുക. അതുകൊണ്ടുതന്നെ നിങ്ങൾ സിഗ്നൽ കാണിച്ച് റൈഡറെ സഹായിക്കുന്നത് അപകടത്തിനു കാരണമാകാം.

8. ട്രാഫിക് സിഗ്നലിൽ നിർത്തുന്പോഴും നഗരത്തിലൂടെ വളരെക്കുറഞ്ഞ വേഗത്തിൽ പോകുന്പോഴും പിന്നിലിരിക്കുന്ന ആൾ ബദ്ധപ്പെട്ട് കാലുകൾ നിലത്തു കുത്തേണ്ടതില്ല. റൈഡർക്ക് അതാണ് കൂടുതൽ സൗകര്യം.

9. വണ്ടി നിർത്തുന്പോൾ റൈഡറുടെ അനുവാദം വാങ്ങിയശേഷം മാത്രം നിലത്തിറങ്ങുക.

10. എതിരെയുള്ള വാഹനത്തിന്‍റെ വരവ് അപകടകരമായി തോന്നിയാൽ ഒന്നും നോക്കാതെ വണ്ടിയൽ നിന്നു ചാടിയിറങ്ങരുത്. നിങ്ങളുടെ ചാട്ടം കൊണ്ടുള്ള ആഘാതം റൈഡറെ അപകടത്തിലാക്കിയേക്കാം.

11. കുസൃതി കാട്ടുന്ന കുട്ടിയെ ടൂവീലറിന്‍റെ മുന്നിൽ ഇരുത്തി കൊണ്ടുപോകാതിരിക്കുക. ഇൻഡിക്കേറ്ററുകൾ, ഇഗ്നിഷൻ സ്വിച്ച് തുടങ്ങിയവയൊക്കെ അവർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കും. അത് വലിയ അപകടങ്ങൾക്ക് ഇടയാക്കാം.

12. മഴ ചാറിയാൽ യാതൊരു കാരണവശാലും കുട നിവർത്തിപ്പിടിച്ച് ടൂവിലറിൽ യാത്ര അരുത്. കാറ്റുപിടിക്കുന്ന കുട നേരെയാക്കാൻ ശ്രമിക്കുന്പോൾ വാഹനത്തിന്‍റെ നിയന്ത്രണം അപകടത്തിലാകും.

ഐപ്പ് കുര്യൻ

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS