2025ല്‍ ഇന്ത്യയിലെ ആയിരത്തിലധികം ഡാമുകളുടെ കാലാവധി തീരും ! ‘മുല്ലപ്പെരിയാര്‍’ ജലബോംബെന്ന് വ്യക്തമാക്കി യുഎന്‍ റിപ്പോര്‍ട്ട്…

2025ഓടെ ഇന്ത്യയിലെ ആയിരത്തിലധികം അണക്കെട്ടുകളുടെ കാലാവധി തീരുമെന്നും ഈ ഡാമുകള്‍ ലോകത്തിനു തന്നെ ഭീഷണിയുയര്‍ത്തുമെന്നുമുള്ള യുഎന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാം അടക്കം ഭീഷണിയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎന്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്.

യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്താ’ണ് ‘പഴക്കമേറുന്ന ജലസംഭരണികള്‍: ഉയര്‍ന്നുവരുന്ന ആഗോളഭീഷണി’ എന്ന പേരിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

നൂറിലധികം വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പസാധ്യതാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല ഇതിന് ഘടനപരമായ പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അണക്കെട്ട് തകര്‍ന്നാല്‍ 35 ലക്ഷം പേര്‍ അപകടത്തിലാകും. അതിര്‍ത്തി സംസ്ഥാനങ്ങളായ കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്ക വിഷയമാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2025-ഓടെ 50 വര്‍ഷം പഴക്കമെത്തുന്ന 1115-ലേറെ വലിയ അണക്കെട്ടുകള്‍ ഇന്ത്യയിലുണ്ട്.

2050-ഓടെ ഇത് 4250 എണ്ണമാവും. 64 വലിയ അണക്കെട്ടുകള്‍ക്ക് 2050-ഓടെ 150 വര്‍ഷം പഴക്കമാകും. 20-ാം നൂറ്റാണ്ടിലെപ്പോലെ മറ്റൊരു അണക്കെട്ട് നിര്‍മാണവിപ്ലവം ലോകത്തുണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെ ആശങ്കയ്ക്കിടയിലും മുല്ലപ്പെരിയാറില്‍നിന്ന്? ജലം എടുക്കല്‍ തമിഴ്‌നാട് പുനരാരംഭിച്ചു. മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ട് കനത്ത മഴയെത്തുടര്‍ന്ന് നിറഞ്ഞതോടെയാണ് ജലം എടുക്കുന്നത് ഈ മാസം 16ന് തമിഴ്‌നാട് നിര്‍ത്തിവച്ചത്.

വൈഗ അണക്കെട്ടില്‍ 69.72 അടി ജലമാണ് ഇപ്പോഴുള്ളത്. 71 അടിയാണ് വൈഗയുടെ സംഭരണശേഷി. മഴ മാറിയതോടെ സെക്കന്‍ഡില്‍ 600 ഘനഅടി ജലമാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍നിന്ന് കൊണ്ടുപോകുന്നത്. എന്തായാലും മുല്ലപ്പെരിയാര്‍ ഒരു ജലബോംബ് തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് യുഎന്നിന്റെ റിപ്പോര്‍ട്ട്.

Related posts

Leave a Comment