രാമങ്കരി: കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് ആരംഭിച്ചതിന് തൊട്ടുപിന്നാലെ വേനൽമഴയ്ക്ക് തുടക്കം കുറിച്ചത് കർഷകരെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം നെടുമുടി കൃഷിഭവന് കീഴിലെ കുരുശുപള്ളി പാടത്ത് ആയിരുന്നു കൊയ്ത്തിന് തുടക്കം. തൊട്ടുപിന്നാലെ രാമങ്കരി, വെളിയനാട്, കിടങ്ങറ, ചന്പക്കുളം തുടങ്ങി ഇന്നലെ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലാണ് മഴ ശക്തമായത്.
ഉച്ചയ്ക്ക് 2.30ഓടെ ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. നെല്ലു വിളഞ്ഞുകിടക്കുന്ന മിക്ക പാടശേഖരങ്ങളിലും ഇത് ചെറിയതോതിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി. എന്നാൽ കഴിഞ്ഞ ദിവസം കൊയ്ത്ത് ആരംഭച്ച കുരിശുപള്ളി പാടത്തിന് സമീപമുള്ള പ്രദേശത്ത് മഴ കാര്യമായി അനുഭവപ്പെടാതിരുന്നത് കർഷകർക്ക് വലിയ അനുഗ്രഹമായെന്നുവേണം പറയാൻ.
അല്ലെങ്കിൽ കൊയ്തുകൂട്ടിയ നെല്ല് നനയുന്നതിന് പുറമെ സംഭരണം പോലും തടസപ്പെടുന്നതിന് കാരണമായി മാറിയേനെ എന്നാണ് ഇവർ പറഞ്ഞത്.ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ മറ്റു പാടശേഖരങ്ങളിലേക്കും കൊയ്ത്ത് വ്യാപകമാകാനിരിക്കേ ഇന്നലെ പൊടുന്നനെ പെയ്ത മഴ കുട്ടനാട്ടിലെ ഭൂരിഭാഗം വരുന്ന കർഷകരെയും മുൾമുനയിലാക്കിയിരിക്കുകയാണ്.
വരും ദിവസങ്ങളിലും ഇതേ നില തുടർന്നാൽ അത് ഇപ്രാവശ്യത്തെ കൊയ്ത്താകെതന്നെ താളംതെറ്റുന്നതിനു കാരണമായേക്കുമോ എന്നും ഇവർക്ക് ആശങ്കയുണ്ട്. മാനത്ത് മഴക്കാറ് കണ്ടാൽ ഈർപ്പത്തിന്റെ പേര് പറഞ്ഞ് സംഭരണത്തിന് ഉടക്ക് ഇടുന്നതാണ് മില്ലുകാരുടെ പതിവ് രീതി.
കൂടാതെ ഓരോ ക്വിന്റലിനും പരിധിയിൽ കൂടുതൽ തൂക്കം നെല്ല് ആവശ്യപ്പെടാനും തുടങ്ങും. കഴിഞ്ഞ കുറെ നാളുകളായി കർഷകർ അനുഭവിച്ചുവരുന്നൊരു പ്രശ്നമാണിത്. ഇപ്രാവശ്യമെങ്കിലും ഇതിൽ നിന്നൊന്ന് രക്ഷപിടിക്കണമെന്ന് കരുതിയിരിക്കുന്നതിനിടെയാണ് ഇന്നലത്തെ ശക്തമായ മഴ.
