വർഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കും ഇരയായ തന്റെ ഇന്ത്യൻ വീട്ടുജോലിക്കാരിക്ക് സ്വന്തമായി ഒരു വീട് പണിയുന്നതിനായി 47 ലക്ഷം രൂപ (ഏകദേശം 3,688 പൗണ്ട്) സമാഹരിച്ച് ഹോങ്കോങ് സ്വദേശിനി. അബീർ തബഖി എന്ന യുവതിയാണ് തങ്ങളുടെ വീട്ടുജോലിക്കാരിയായ മറിയത്തിന് വേണ്ടി ‘ഗോഫണ്ട്മീ’ വഴി ക്രൗഡ് ഫണ്ടിങ് കാമ്പയിൻ ആരംഭിച്ചത്.
തന്റെ ഇൻസ്റ്റാഗ്രാം പേജിലെ പാചക വീഡിയോകളിലൂടെയും സദ്സ്വഭാവത്തിലൂടെയും ഇരുപതിനായിരത്തിലധികം ഫോളോവേഴ്സുള്ള വ്യക്തിയാണ് മറിയം. എന്നാൽ സോഷ്യൽ മീഡിയക്ക് പുറത്തുള്ള മറിയത്തിന്റെ ജീവിതം കടുത്ത ദുരന്തങ്ങൾ നിറഞ്ഞതായിരുന്നുവെന്ന് അബീർ വ്യക്തമാക്കുന്നു.
അഞ്ചാം വയസ്സിൽ ദത്തെടുക്കപ്പെട്ട മറിയത്തെ ആ കുടുംബം വർഷങ്ങളോളം കഠിനമായ വീട്ടുജോലികൾ ചെയ്യിപ്പിക്കുകയും ശരിയായ പരിചരണം നൽകാതെ സാമ്പത്തികമായും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയുമായിരുന്നു. അവൾ അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം ആ കുടുംബം തട്ടിയെടുക്കുകയും കടം വാങ്ങുകയാണെന്ന് പറഞ്ഞ് തിരികെ നൽകാതിരിക്കുകയും ചെയ്തു. നിറത്തിന്റെ പേരിൽ പോലും അവർ മറിയത്തെ അധിക്ഷേപിച്ചിരുന്നു.
കഠിനമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട മറിയത്തിന് സ്വന്തമായി ഒരു വീടോ സമ്പാദ്യമോ ഇല്ലായിരുന്നു. മാരകരോഗത്തോട് പൊരുതുന്ന ഭർത്താവിന്റെ ചികിത്സാ ചെലവുകൾക്കായി മറിയം തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചിരുന്നു. നിലവിൽ അബീറിന്റെ കുടുംബത്തോടൊപ്പമാണ് മറിയം താമസിക്കുന്നത്. സ്വന്തമായി സുരക്ഷിതമായ ഒരു വീട് എന്ന മറിയത്തിന്റെ സ്വപ്നം തിരിച്ചറിഞ്ഞാണ് അബീർ ഫണ്ട് സമാഹരണത്തിന് ഇറങ്ങിത്തിരിച്ചത്.
കാമ്പയിനിലൂടെ തുക സമാഹരിച്ച് മുൻപോട്ടു പോകുന്നതിനിടെ മറിയത്തിന്റെ വളർത്തു കുടുംബം ഇതിനെതിരെ രംഗത്തെത്തി. മറിയം ഒരു “തട്ടിപ്പുകാരി”യാണെന്നും “യാചക”യാണെന്നും ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഇവർ വ്യാപകമായ അധിക്ഷേപ കമന്റുകൾ പ്രചരിപ്പിക്കുകയും സാമ്പത്തിക സഹായം നൽകരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു.
എന്നാൽ ഈ ഓൺലൈൻ ആക്രമണങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ തളരാതെ സ്വന്തം കാൽക്കൽ നിൽക്കാനും മികച്ചൊരു ഭാവി പടുത്തുയർത്താനുമുള്ള പോരാട്ടം തുടരുമെന്ന് മറിയവും അബീറും വ്യക്തമാക്കി.

