ജീവിക്കാന്‍ വേണ്ടി പലപ്പോഴും ടാക്‌സി ഓടിച്ചു ! സോവിയറ്റ് യൂണിയന്‍ തകര്‍ന്ന സമയത്തെ അനുഭവങ്ങള്‍ വെളിപ്പെടുത്തി പുടിന്‍…

സോവിയറ്റ് യൂണിയന്‍ തകര്‍ന്ന സമയത്ത് ജീവിതം വളരെ ദുസ്സഹമായിരുന്നുവെന്നും ആ സമയത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മിക്ക പൗരന്‍മാരെയും സംബന്ധിച്ചും ദുരന്തമായിരുന്നുവെന്നും പുടിന്‍ ആവര്‍ത്തിച്ചു. ‘റഷ്യ; സമീപകാല ചരിത്രം’ എന്ന ടിവി ഷോയ്ക്ക് വേണ്ടി സംസാരിക്കുമ്പോഴായിരുന്നു പുടിന്റെ ഈ വെളിപ്പെടുത്തല്‍.

സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ സംഘടനയായ കെജിബിയുടെ ഏജന്റായിരുന്നു പുടിന്‍.

ഇരുപതാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ ദുരന്തമെന്നായിരുന്നു സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ പുടിന്‍ മുമ്പ് വിശേഷിപ്പിച്ചത്.

‘സോവിയറ്റ് യൂണിയന്റെ തകര്‍ച്ച വലിയ ആഘാതമാണ് സൃഷ്ടിച്ചത്. പലപ്പോഴും അധികമായി പണം കണ്ടെത്തേണ്ടി വന്നു. സ്വകാര്യ കാര്‍ ഡ്രൈവറായി പോയാണ് പണം കണ്ടെത്തിയത്. അന്നത്തെ കാലത്തെ കുറിച്ച് സത്യസന്ധമായി പറഞ്ഞാല്‍ അസുഖകരമായ ഓര്‍മകളാണ് ഉള്ളത്. പക്ഷേ അത്ര ബുദ്ധിമുട്ടിയാണ് കഴിഞ്ഞതെന്നാണ് വാസ്തവ’മെന്നും പുടിന്‍ വ്യക്തമാക്കുന്നു.

1991 ലാണ് സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് റഷ്യ ഉള്‍പ്പടെ 15 സ്വതന്ത്ര രാജ്യങ്ങളായി മാറിയത്. ബോറിസ് യെല്‍സിനായിരുന്നു സ്വതന്ത്ര റഷ്യയുടെ ആദ്യ പ്രസിഡന്റ്.

Related posts

Leave a Comment