പേരൂര്‍ക്കട: കൗതുകത്തിന്റെയും ആഗ്രഹത്തിന്റെ പേരില്‍ ഡോക്ടറുടെ കുപ്പായമിട്ടതിന് കസ്റ്റഡിയിലായ 17-കാരിയെ ഒടുവില്‍ പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
പേരൂര്‍ക്കടയില്‍ താമസിക്കുന്ന കോട്ടയം പെരുന്ന സ്വദേശിനിയെയാണ് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്. കഴിഞ്ഞ ദിവസം ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കറങ്ങി നടക്കുകയും വേഷം മാറി ഡോക്ടറുടെ വേഷം ധരിച്ച് സ്റ്റെതസ്കോപ്പുമായി സൂപ്പര്‍സ്പെഷ്യാലിറ്റി ബ്ലോക്കില്‍ എത്തുകയുമായിരുന്നു.
ഐഡന്റിറ്റി കാര്‍ഡ് ധരിക്കാതിരുന്നതിനാല്‍ വനിതാ സുരക്ഷാ ജീവനക്കാര്‍ ഇവരെ ചോദ്യം ചെയ്തു. ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 17-കാരിയെ പിടികൂടി മെഡിക്കല്‍കോളജ് പോലീസിനു കൈമാറുകയായിരുന്നു.
തുടർന്നു താന്‍ വിവാഹിതയാണെന്നും ഭര്‍ത്താവ് ശ്രീചിത്രയില്‍ ജോലിചെയ്യുകയാണെന്നും 17-കാരി കള്ളം പറഞ്ഞു. ഇത് സ്ഥലത്തുനിന്നു രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു. അതേസമയം ആശുപത്രി അധികൃതര്‍ പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കാതെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയ പോലീസ് മകളെ അവര്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.
