കൊച്ചി: പാചക വാതക ലഭ്യതയിലെ പ്രതിസന്ധി കുറഞ്ഞിട്ടും പഴയ നിലയിലേക്ക് മടങ്ങാതെ കൊച്ചിയിലെ ഹോട്ടല്‍ ഭക്ഷണവില. ചായയ്ക്കും ചെറുകടികള്‍ക്കും മാത്രമല്ല, ഉച്ചയൂണിനും ബിരിയാണിക്കുമൊക്കെ വലിയതോതില്‍ കൂട്ടിയ വില ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ്. ഗ്യാസ് പ്രശ്നം പരിഹരിച്ചെങ്കിലും വാണിജ്യസിലിണ്ടര്‍ വില കൂടിയതും സാധനങ്ങളുടെ വിലക്കയറ്റവുമാണ് ഇപ്പോള്‍ ഹോട്ടലുടമകള്‍ നിരത്തുന്ന ന്യായീകരണം.
പാചക വാതകക്ഷാമം വരുന്നതിന് മുമ്പ് 1750 മുതല്‍ 1800 വരെയായിരുന്നു വാണിജ്യസിലിണ്ടറിന് വില. ക്ഷാമം രൂക്ഷമായതോടെ വില 3000ന് മുകളിലായി. ക്ഷാമം മാറിയെങ്കിലും സിലിണ്ടറിന്റെ വിലയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെ അരി, പഞ്ചസാര, വെളിച്ചെണ്ണ, പച്ചക്കറി, മത്സ്യം, ഇറച്ചി എന്നിവയുടെ വില കൂടുകയും ചെയ്തതോടെ ഹോട്ടലുകളുടെ ചെലവും വര്‍ധിച്ചെന്ന് കൊച്ചിയിലെ ഒരു പ്രമുഖ റസ്റ്ററന്റ് ഉടമ പറയുന്നു.
150 രൂപയായിരുന്ന ബിരിയാണിക്കിപ്പോള് 180ന് മുകളിലാണ്. ഊണിന് 80 മുതല്‍ 150 വരെയായി. ഊണിനൊപ്പം സ്പെഷ്യല്‍ ആയി മീനോ ഇറച്ചിക്കറിയോ വാങ്ങുകയാണെങ്കില്‍ 200ന് മുകളിലേക്ക് റേറ്റ് ഉയരും. വീട്ടിലൂണ് പോലുള്ള സംരംഭങ്ങളിലും വില കൂടുതലാണ്. 60-80 രൂപയ്ക്ക് ലഭിച്ചിരുന്ന ഊണിന് 100 കടന്നു.
ഗ്യാസ് ക്ഷാമത്തെ തുടര്‍ന്ന് വര്‍ധിപ്പിച്ച ചായയുടെയും ചെറുകടികളുടെയും വില അതേ നിലയില്‍ തുടരുകയാണ്. അഞ്ച് രൂപയാണ് ചായയ്ക്കും കാപ്പിക്കും കൂടിയത്. പലഹാരങ്ങള്‍ക്ക് അഞ്ചു മുതല്‍ 10 രൂപ വരെ കൂടി. 12 രൂപയുണ്ടായിരുന്ന ചായയ്ക്ക് ഇപ്പോള്‍ 15 ഉം കാപ്പിക്ക് 20 മുതല്‍ 25 രൂപ വരെയുമാണ്. ബൂസ്റ്റ്, ഹോര്‍ലിക്സ് എന്നിവയ്ക്ക് 40-50 രൂപ വരെയായി. മറ്റ് ബേക്കറി വിഭവങ്ങള്‍ക്ക് കൂട്ടിയ നിരക്കും പിന്നീട് കുറച്ചിട്ടില്ല.
ചായയോ കാപ്പിയോ ഉള്‍പ്പെടുത്തി പ്രഭാതഭക്ഷണം കഴിച്ചിറങ്ങാന്‍ കുറഞ്ഞത് നൂറു രൂപയെങ്കിലും പോക്കറ്റില്‍നിന്ന് പോകും. നേരത്തെ 15 രൂപയായിരുന്ന പ്രഭാത വിഭവങ്ങള്‍ക്ക് 20 രൂപയക്കു മേലെയായി. കറികളുടെ വിലയിലും 20 മുതല്‍ 30 രൂപയുടെ വര്‍ധനയാണുണ്ടായിട്ടുള്ളത്. ജ്യൂസുകളുടെ വില അധികം വര്‍ധിച്ചിട്ടില്ലെങ്കിലും ലൈം ജ്യൂസിന് വില കൂടിയിട്ടുണ്ട്. ഫ്രഷ് ലൈമിന് 35ന് മുകളിലേക്കാണ് വില. ചെറുനാരങ്ങ വില കിലോയ്ക്ക് 280 എന്ന നിലയിലേക്ക് എത്തിയതോടെയാണ് ലൈമിനും വില കൂടിയത്.
സമൃദ്ധിയിലും രക്ഷയില്ല
ചുട്ടുപൊള്ളുന്ന ഹോട്ടല്‍ ഭക്ഷണ വിലയില്‍ നിന്ന് ആശ്വാസമാകുമെന്ന് കരുതിയ കുടുംബശ്രീയുടെ സമൃദ്ധിയിലും ഇപ്പോള്‍ തീ വിലയാണ്. ഊണിന് 20 രൂപ തന്നെയാണെങ്കിലും കാപ്പിയും ചായയും പലഹാരങ്ങളും കഴിക്കണമെങ്കില്‍ കൈപൊള്ളും. 10 രൂപയുണ്ടായിരുന്ന ചായയ്ക്ക് 13 രൂപയും കാപ്പിക്ക് 20 രൂപയുമാണ് .
ബജികള്‍ക്കും പലഹാരങ്ങള്‍ക്കും അഞ്ച് മുതല്‍ 10 രൂപവരെ കൂടിയിട്ടുണ്ട്. കഞ്ഞിക്ക് 10 രൂപയും ബിരിയാണിക്ക് 20 രൂപയും വര്‍ധിപ്പിച്ചു. ഊണൊഴികെയുള്ള വിഭവങ്ങള്‍ക്ക് ഹോട്ടലുകളിലെ അതേ വില തന്നെയായിരിക്കുകയാണ് സമൃദ്ധിയിലും.
