അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം വേണ്ടിയിരുന്നില്ല എന്ന് ചിത്രത്തിന്റെ സംവിധായകന് ഒമര്‍ ലുലു പറഞ്ഞു എന്ന രീതിയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇത്രയും ഹിറ്റായ ഒരു ഗാനത്തെക്കുറിച്ച് എന്തുകൊണ്ട് അതിന്റെ സംവിധായകന് തന്നെ ഇങ്ങനെ പറഞ്ഞു എന്നതിനെക്കുറിച്ചും പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സംവിധായകന് ഒമര്‍ ലുലു നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ ചെയ്ത ഒരു ലൈവ് വീഡിയോയിലെ ഒമര്‍ ലുലുവിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ലൈവ് വീഡിയോയില്‍, ജീവിതത്തില്‍ എന്തെങ്കിലും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിനാണ് ഒമര്‍ ലുലു അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന ഉത്തരം നല്‍കിയത്.
ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു പാട്ട് ഇത്ര ഹിറ്റായപ്പോള്‍ പ്രേക്ഷകര്‍ക്ക് ഓവര്‍ എക്സ്പെക്ടേഷന് വരും. അത് നമുക്ക് മീറ്റ് ചെയ്യാന്‍ പറ്റുമോ എന്ന പേടിയുണ്ട് എന്നാണ് ഉത്തരത്തിലൂടെ ഉദ്ദേശിച്ചതെന്നും അല്ലാതെ പാട്ട് വേണ്ടിയിരുന്നില്ല എന്നല്ലെന്നും ഒമര്‍ ലുലു പറയുന്നു.
ഒരു അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന പാട്ടാണ് ഒമര്‍ ലുലുവിനെയും പ്രിയ വാര്യരെയും റോഷനെയുമൊക്കെ വൈറല്‍ ഹിറ്റാക്കി മാറ്റിയത്. ഈ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരിഹരിച്ചു കൊണ്ട് മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണ് ഒമര്‍ ലുലു. നവംബറില്‍ സിനിമ റിലീസിനെത്തിക്കും എന്നാണ് ഒമര്‍ ലുലു വ്യക്തമാക്കുന്നത്.