തകര്‍ന്ന തടയണകള്‍ പുതുക്കി വേനലിലേക്ക് വെള്ളം സംഭരിച്ചു നിര്‍ത്താന്‍ പദ്ധതികളില്ല

pkd-thadayanaവടക്കഞ്ചേരി: വേനല്‍ മഴയില്ലാതെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും വരുംവര്‍ഷങ്ങളിലെങ്കിലും ജലക്ഷാമത്തിന് പരിഹാരം കാണാന്‍ തകര്‍ന്നുകിടക്കുന്ന തടയണകള്‍ പുതുക്കി പണിത് വേനലിലേക്കായി വെള്ളം സംഭരിച്ചു നിര്‍ത്താന്‍ പദ്ധതികളില്ല. ആലത്തൂര്‍ താലൂക്കില്‍ മാത്രം മൂന്നു ഡസനോളം തടയണകള്‍ തകര്‍ന്നുകിടക്കുന്നുണ്ടെന്നാണ് കണക്ക്. ഇതുമൂലം മഴക്കാലം മാറുംമുമ്പേ പുഴകളും തോടുകളും സമീപത്തെ കിണര്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകളെല്ലാം വറ്റിവരളുന്ന സ്ഥിതിയാണ്.

ഈ സ്ഥിതി തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായെങ്കിലും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ക്കൊന്നും ഇനിയും നടപടികളില്ല. മഴക്കാലം വരെ മാത്രമാണ് വേനലിന്റെ രോദനങ്ങള്‍ ഉയരുന്നത്.  മഴക്കാലം ആരംഭിച്ചാല്‍ വേനല്‍ മറക്കും.  പിന്നെ അടുത്ത വേനലിലാണ് വേനലിനെക്കുറിച്ച് ചിന്തിക്കുന്നത്.മഴക്കാലത്ത് എത്രയോ ഡാമുകള്‍ നിറയാനുള്ളത്ര വെള്ളമാണ് പുഴകളിലൂടെ  ഒഴുകി പാഴായി പോകുന്നത്. മംഗലംഡാം തന്നെ ജൂലൈമാസത്തില്‍ നിറഞ്ഞ് ഷട്ടര്‍ തുറന്ന് വെള്ളം മംഗലം പുഴയിലേക്ക് ഒഴുക്കി മൂന്നുമാസത്തോളം പാഴാക്കികളയും. മംഗലംപുഴയില്‍ തന്നെ ഒരു ഡസനോളം തടയണകള്‍ തകര്‍ന്നുകിടക്കുന്നുണ്ട്.

ഇതെല്ലാം പുനര്‍നിര്‍മിച്ചാല്‍ തന്നെ അഞ്ചു പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനാകും.തടയണകള്‍ നിര്‍മിക്കുന്നത് കരാറുകാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പോക്കറ്റില്‍ പണം നിറയ്ക്കാനുള്ള വരുമാനമാര്‍ഗമായി കണ്ടാല്‍ തടയണ നിര്‍മാണംകൊണ്ട് ഫലമുണ്ടാകില്ല. തെക്കന്‍ ജില്ലകളിലെ പുഴകളില്‍ തടയണ നിര്‍മിക്കുന്നതുപോലെ ഉറപ്പേറിയ തടയണകള്‍ നിര്‍മിക്കാന്‍ പദ്ധതികളും അതിനു മേല്‍നോട്ടം വഹിക്കാന്‍ ജനങ്ങളെയും നാടിനെയും സ്‌നേഹിക്കുന്ന കുറച്ച് ഉദ്യോഗസ്ഥരും വേണം.

തടയണകള്‍ കെട്ടി വെള്ളം സംഭരിക്കുന്നതോടെ നൂറുകണക്കിനാളുകള്‍ക്ക് കുളിക്കാനും തുണികഴുകാനും കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാനും ഉപകരിക്കുന്നതിനൊപ്പം പ്രദേശത്തെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും ജലനിരപ്പ് ഉയര്‍ന്നുനില്ക്കും.ജലസ്രോതസുകളുടെ സംരക്ഷണത്തിന്റെ പേരില്‍ മംഗലംഡാം, ഓടംന്തോട്, പടങ്ങിട്ടതോട് ഭാഗങ്ങളില്‍ ഫണ്ട് ദുര്‍വ്യയം വ്യാപകമായി നടക്കുന്നതായി പരാതിയുണ്ട്. കൊക്കര്‍ണികളും ചെറിയ കുഴികളും കെട്ടിയാണ് പണം ദുര്‍വ്യയം ചെയ്യുന്നത്. മഴക്കാലത്ത് ഇതെല്ലം ഇടിഞ്ഞ് നിലവിലുള്ള ജലലഭ്യതയും ഇല്ലാതാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Related posts