കുറ്റിക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം

babyകണ്ണൂര്‍: അഴീക്കല്‍ ലൈറ്റ് ഹൗസിനു സമീപം കുറ്റിക്കാട്ടില്‍ രണ്ടു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.   കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി, മേഖലകളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പ്രസവം നടന്നവരുടെ പേരുവിവരങ്ങള്‍ പോലീസ് ശേഖരിക്കും.

തുടര്‍ന്ന് ഇവരുടെ വീടുകളിലെത്തി അമ്മമാര്‍ക്കൊപ്പം നവജാതശിശുവുമുണ്ടോ എന്നു പരിശോധിക്കാനാണ് തീരുമാനം. നാടോടി സ്ത്രീ പ്രസവിച്ച് ഉപേക്ഷിച്ച കുഞ്ഞാണോ ഇതെന്ന സംശയവും ഉയരുന്നുണ്ട്.  ഈ സാഹചര്യത്തില്‍ നാടോടികളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.    താമസിയാതെ തന്നെ കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണു കുഞ്ഞിനെ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെ ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച കുഞ്ഞ് സുഖമായിരിക്കുന്നു.

Related posts