ന്യൂയോര്‍ക്ക്: പുതിയ ചരിത്രം രചിച്ചു കൊണ്ട് സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ജയത്തോടെ സെറീന ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റില്‍ 307 ജയം സ്വന്തമാക്കുകയും ചെയ്തു. പുരുഷന്മാരില്‍ ആന്‍ഡി മുറെയും സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും ശക്തമായ വെല്ലുവിളിയെ അതിജീവിച്ച് അവസാന പതിനാറിലെത്തി.
ലോക ഒന്നാം നമ്പര്‍ വനിതാ താരം സെറീന സ്വീഡന്റെ ജോഹാന്ന ലാര്‍സനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6 -2, 6-1) തകര്‍ത്താണ് പ്രീക്വാര്‍ട്ടറിലെത്തിയത്. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ സെറീന ജയത്തോടെ ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ വനിതാ താരമെന്ന റിക്കാര്‍ഡ് തന്റെ പേരിലാക്കി. മര്‍ട്ടീന നാവരതിലോവയുടെ പേരിലുണ്ടായിരുന്ന 306 വിജയങ്ങള്‍ സെറീന 307 ആക്കി തിരുത്തി. നാവരതിലോവയുടെ റിക്കാര്‍ഡ് കടക്കുന്നതിനൊപ്പം പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ റോജര്‍ ഫെഡററിനൊപ്പമെത്താനുമായി. ഇത് വളരെ സന്തോഷം തോന്നിക്കുന്ന കാര്യമാണെന്നും ഇനിയും വിജയങ്ങളുടെ എണ്ണം കൂടുതല്‍ ഉയരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും സെറീന പറഞ്ഞു.
ലാര്‍സനെ കീഴ്‌പ്പെടുത്താന്‍ സെറീനയ്ക്ക് ഒരു മണിക്കൂറേ വേണ്ടിവന്നുള്ളൂ. വിംബിള്‍ഡണ്‍ ജയത്തിനുശേഷം സെറീനയെ അലട്ടുന്ന തോളിന്റെ പരിക്ക് ഈ മത്സരത്തില്‍ തെല്ലും അലോസരപ്പെടുത്തിയില്ല. യുഎസ് ഓപ്പണിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഫ്‌ളൂറസെന്റ് പിങ്ക് സ്ലീവ്‌സ് ഇട്ടാണ് അമേരിക്കന്‍ താരം മത്സരത്തിനിറങ്ങിയത്. രാത്രി മത്സരങ്ങളില്‍ കറുത്ത സ്ലീവ്‌സാണ് ഉപയോഗിക്കുന്നത്.
വാവ്‌റിങ്കയും മുറെയും കടന്നു കൂടി
പുരുഷന്മാരുടെ മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും ബ്രിട്ടന്റെ ആന്‍ഡി മുറെയും പ്രീക്വാര്‍ട്ടറിലേക്കു കടന്നുകൂടി. ലോക മൂന്നാം നമ്പര്‍ വാവ്‌റിങ്ക വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത 64-ാം റാങ്കിലുള്ള ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ രക്ഷപ്പെടുകയായിരുന്നു. നാലാം സെറ്റില്‍ 5-6ന് മാച്ച് പോയിന്റിനെ അഭിമുഖീകരിച്ച് സ്വിസ് താരം ടൈബ്രേക്കറില്‍ 10-8നു ജയിക്കുകയായിരുന്നു. 4-6, 6-3, 6-7 (6-8), 7-6 (10-8), 6-2നായിരുന്നു വാവ്‌റിങ്ക ബ്രിട്ടീഷ് താരത്തെ വീഴ്ത്തിയത്. ഇത് അവിശ്വസനീയമായ പോരാട്ടമായിരുന്നു. ആ മത്സരത്തില്‍ എനിക്കൊപ്പം ഭാഗ്യമുണ്ടായുന്നു, മാച്ച് പോയിന്റ് കൈവിടാതെ സൂക്ഷിക്കാനായി- വാവ്‌റിങ്ക പറഞ്ഞു.
ഇവാന്‍സിന്റെ ആക്രമണ ടെന്നീസിനു മുന്നില്‍ രണ്ട് ഗ്രാന്‍ഡ് സ്‌ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള വാവ്‌റിങ്ക പതറി. ആദ്യ സെറ്റ് കൈവിട്ടു. രണ്ടാം സെറ്റ് അനായാസം നേടിയ വാവ്‌റിങ്കയ്ക്കു മൂന്നാം സെറ്റില്‍ ബ്രിട്ടീഷ് താരത്തിനു മുന്നില്‍ അടിതെറ്റി. നാലാം സെറ്റില്‍ തോല്‍വിയുടെ വക്കില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ഇതോടെ മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലെത്തി. നിര്‍ണായക സെറ്റില്‍ ഫോമിലേക്കു തിരിച്ചെത്തിയ സ്വിസ് താരം മത്സരം സ്വന്തമാക്കി.
ആന്‍ഡി മുറെ നാലു സെറ്റ് മത്സരത്തില്‍ ഇറ്റലിയുടെ പൗളോ ലോറന്‍സിയെ കീഴടക്കി. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെ കളിച്ച മുറെ മൂന്നാം റൗണ്ടില്‍ ഇറ്റാലിയന്‍ താരത്തിനു ഒരു സെറ്റ് നല്‍കി. 7-6 (7-4), 5-7, 6-2, 6-3നായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ ജയം. ജപ്പാന്റെ കെയ് നിഷികോരി ഫ്രാന്‍സിന്റെ നികോളസ് മഹുടിനെ 4-6, 6-1, 6-2, 6-2ന് പരാജയപ്പെടുത്തി. ആദ്യ സെറ്റ് നഷ്ടമായശേഷം ശക്തമായി തിരിച്ചടിച്ച നിഷികോരി അടുത്ത മൂന്നു സെറ്റും അനായാസം സ്വന്തമാക്കി.
സ്‌പെയിന്റെ ഡേവിഡ് ഫെററെ അര്‍ജന്റീനയുടെ യുവന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോ 7-6 (7-3), 6-2, 6-2ന് തോല്‍പ്പിച്ചു. ഓസ്‌ട്രേലിയയുടെ നിക് കിര്‍ഗിയസ് പിന്മാറിയതിനെത്തുര്‍ന്ന് യുക്രെയിന്റെ ഇലയാ മര്‍ചെങ്കോ പ്രീക്വാര്‍ട്ടറിലെത്തി. ആദ്യ സെറ്റില്‍ ജയിച്ച കിര്‍ഗിയസിനു രണ്ടും മൂന്നും സെറ്റ് നഷ്ടപ്പെട്ടു. നാലാം സെറ്റിലേക്കു കടക്കും മുമ്പ് പരിക്കിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ താരം പിന്മാറുകയായിരുന്നു.
