തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശബരിമല സ്വർണപാളി കേസ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫ്-ബിജെപി ധാരണയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.
തെരഞ്ഞെടുപ്പിലുണ്ടായ തോൽവി വിശദമായി പരിശോധിക്കും, പരിഹാരം കാണും. കൊല്ലം കോർപറേഷനിലെ തോൽവി പ്രത്യേകം പരിശോധിക്കും. ശബരിമല സ്വർണക്കൊള്ളയിൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികൾ ഒന്നിച്ചുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ ആറ് സീറ്റുകളിൽ ചെറിയ വോട്ടുകൾക്കാണ് തോൽവിയുണ്ടായത്. ഇതും വിശദമായി പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
