സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിലായാലും മറ്റു പല തൊഴിൽമേഖലകളിലായാലും വരുമാനവും അതിന്റെ വളർച്ചയുമായി ബന്ധപ്പെടുത്തിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുക.എന്നാൽ കർഷകന്റെ കാര്യമെത്തുമ്പോൾ പരിഹാസവും കടുംപിടിത്തവും!
പോരാളിയായ ഈ കർഷകനെ നമുക്ക് നമിക്കാം. ഉദ്യോഗസ്ഥമേധാവിത്വവും അധികാരമുഷ്കും കൊടികുത്തിവാഴുന്ന വനംവകുപ്പിനെ മുട്ടുകുത്തിച്ചതിനു മാത്രമല്ല, നീതിയുടെ പക്ഷത്തു നിൽക്കുന്ന ഓരോ മനുഷ്യനിലും ഊർജം നിറച്ചതിനും അന്ത്യംവരെ പോരാടാനുള്ള ഇച്ഛാശക്തി നിലനിർത്തിയതിനും. ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ എന്ന പൊതുധാരണയ്ക്കു കീഴിൽ ഞെരിഞ്ഞമർന്ന് ശ്വാസംമുട്ടാൻ വിധിക്കപ്പെട്ടതാണ് നമ്മുടെ നീതിബോധവും പൗരബോധവുമൊക്കെ.
അഴിമതി, കൈക്കൂലി, അധികാരപ്രമത്തത, തട്ടിപ്പ്, വെട്ടിപ്പ്, സ്വജനപക്ഷപാതം തുടങ്ങി എല്ലാ പീഡനങ്ങളും ഏറ്റുവാങ്ങുന്ന സാധാരണ മനുഷ്യർ ഒടുവിൽ ആശ്വാസം കണ്ടെത്തുന്നത് ഈ പൊതുബോധത്തിന്റെ തണലിലാണ്. ഈ ആശ്വാസത്തിനപ്പുറം വലിയ വാഗ്ദത്തഭൂമികളുണ്ടെന്ന തിരിച്ചറിവിലേക്കാണ് ഇത്തരം പോരാട്ടങ്ങൾ സമൂഹത്തെ നയിക്കുന്നത്.
വയനാട് പനമരം പഞ്ചായത്തിലെ നീർവാരം ഈസ്റ്റ് പരിയാരത്തെ പി.ടി. വേലായുധൻ എന്ന കർഷകൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് കാർഷികവൃത്തിയുടെ, കർഷകന്റെ, ജീവന്റെ വിലയുണ്ട്. വന്യജീവിശല്യം മൂലമുള്ള കൃഷിനാശത്തിനു തുച്ഛമായ തുക നഷ്ടപരിഹാരം നല്കുന്ന വനംവകുപ്പിനെയാണു വേലായുധൻ നീണ്ടുനിന്ന നിയമപോരാട്ടത്തിലൂടെ മുട്ടുകുത്തിച്ചത്.
വേലായുധൻ ഉന്നയിച്ച ആവശ്യങ്ങൾ ന്യായമെന്നു തിരിച്ചറിഞ്ഞ ഹൈക്കോടതി വിഷയത്തിൽ ഇടപെടാൻ വനംവകുപ്പിനു നിർദേശം നല്കി. ഇതനുസരിച്ച്, കൃഷികളുടെ ആയുസ് കണക്കിലെടുത്ത് നഷ്ടപരിഹാര നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനു വിശദമായ നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു നിര്‍ദേശം നല്കി. 2014ൽ തുടങ്ങിയ നിയമപോരാട്ടമാണ് ഇപ്പോൾ വിജയത്തിലെത്തുന്നത്.
വരുമാനനഷ്ടത്തോടു തുലനം ചെയ്യുമ്പോൾ തികച്ചും തുച്ഛമായ തുകയാണ് കർഷകന് നഷ്ടപരിഹാരമായി ലഭിക്കുന്നത്. അതുതന്നെ നേടിയെടുക്കാനുള്ള മെനക്കേടും സമയനഷ്ടവും സഹിക്കേണ്ട അപമാനവും വേറെ. സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിലായാലും മറ്റു തൊഴിൽമേഖലകളിലായാലും വരുമാനവും അതിന്റെ വളർച്ചയുമായി ബന്ധപ്പെടുത്തിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുക. എന്നാൽ കർഷകന്റെ കാര്യമെത്തുമ്പോൾ പരിഹാസവും കടുംപിടിത്തവും! കർഷകരെക്കുറിച്ചുള്ള പാട്ടിനും വാഴ്ത്തിനും അവരുടെ വോട്ടിനും മാത്രം ഒരു തടസവുമില്ല!
2008 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വേലായുധന്റെ 375ലധികം തെങ്ങുകള്‍ കാട്ടാന നശിപ്പിച്ചിരുന്നു. ഒരു തെങ്ങിന് 770 രൂപ എന്ന കണക്കില്‍ നഷ്ടപരിഹാരം നിശ്ചയിച്ചതിനെയാണു ഹര്ജിക്കാരന് പ്രധാനമായും ചോദ്യം ചെയ്തത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച് നല്കിയ വിവരങ്ങള്‍ പ്രകാരം ഒരു തെങ്ങിന്റെ ആയുസ് 80 മുതല്‍ 90 വര്‍ഷം വരെയാണെന്ന വാദം അംഗീകരിച്ച കോടതി തെങ്ങിന് 770 രൂപ എന്നത് ശരിയല്ലെന്നും പറഞ്ഞു.
നഷ്ടപരിഹാര കേസുകളിലെ വളരെ പ്രധാനപ്പെട്ട ഒരു തത്വമാണ് “റസ്റ്റിറ്റ്യൂഷ്യോ ഇൻ ഇന്റെഗ്രം’ (Restitutio in Integrum) എന്നത്. “പഴയ അവസ്ഥയിലേക്കു പൂർണമായി തിരികെ എത്തിക്കുക’ (Restoration to the original condition) എന്നാണ് ഈ ലാറ്റിൻ പദത്തിന്റെ ലളിതമായ അർഥം. ഒരു വ്യക്തിക്ക് മറ്റൊരാളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നടപടി മൂലം നഷ്ടം സംഭവിച്ചാൽ, ആ തെറ്റ് നടന്നില്ലായിരുന്നുവെങ്കിൽ ആ വ്യക്തി ഏത് സാമ്പത്തിക/സാമൂഹിക അവസ്ഥയിലാകുമായിരുന്നുവോ, അതേ അവസ്ഥയിലേക്ക് അയാളെ തിരികെ എത്തിക്കുക എന്നതാണ് ലക്ഷ്യം.
പ്രകൃതിക്ഷോഭം മൂലമോ വന്യജീവി ആക്രമണം മൂലമോ കമ്പനികൾ നൽകിയ ഗുണനിലവാരമില്ലാത്ത വിത്തുകൾ/കീടനാശിനികൾ മൂലമോ വിളനാശം സംഭവിച്ചാൽ ആ വിളവെടുപ്പ് കൃത്യമായി നടന്നിരുന്നുവെങ്കിൽ കർഷകന് ലഭിക്കുമായിരുന്ന ലാഭം (Expected Profit) കൂടി കണക്കിലെടുക്കണം. എങ്കിൽ മാത്രമേ ആ തെറ്റ് നടന്നില്ലായിരുന്നെങ്കിൽ അദ്ദേഹം എവിടെ എത്തുമായിരുന്നുവോ ആ അവസ്ഥയിലേക്ക് അദ്ദേഹത്തെ എത്തിക്കാൻ കഴിയൂ. ഈ തത്വം നടപ്പിലാക്കുമ്പോൾ നേരിട്ടുള്ള നഷ്ടം, കൃഷിക്ക് ചിലവാക്കിയ തുക (വിത്ത്, വളം, കൂലി), വിളവെടുപ്പ് നടന്നാൽ ലഭിക്കുമായിരുന്ന ലാഭം, വീണ്ടും കൃഷി ആരംഭിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കൽ എന്നിവയും പരിഗണിക്കേണ്ടതുണ്ട്.
80 വർഷംവരെ ആയുസുള്ള തെങ്ങിൽനിന്ന് ആകെ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വരുമാനം രണ്ടു ലക്ഷം രൂപയോളം വരുമെന്നിരിക്കെയാണ് ഒരു തെങ്ങിന് 770 രൂപ എന്ന കണക്കില്‍ നഷ്ടപരിഹാരം ഉറപ്പിച്ച് കർഷകനെ പരിഹസിച്ച് അപമാനിക്കുന്നത്. മറ്റെല്ലാ ഉത്പന്നങ്ങൾക്കും വിൽക്കുന്നയാളാണ് വില പറയുന്നത്. എന്നാൽ, കർഷകനാകട്ടെ മറ്റുള്ളവർ നിശ്ചയിക്കുന്ന വിലയ്ക്കു കീഴടങ്ങേണ്ട നിസഹായതയിലും.
പറഞ്ഞു പഴകിയ കാര്യങ്ങൾ ആവർത്തിച്ചിട്ടെന്തു കാര്യം. കർഷകശാപം നേരിടുന്ന രാജ്യം നശിച്ചുപോകുകയേ ഉള്ളുവെന്നു പുരാണങ്ങളിലും ചരിത്രത്തിലും എഴുതിവച്ചിട്ടുണ്ട്. പോരാളികളുടെ വീറ് ഇനിയെങ്കിലും പൊതുസമൂഹത്തെയും അധികാരികളെയും ഉണർത്തട്ടെ!
