കൊച്ചി: സാന്ഡ്വിച്ചില് ചിക്കന്‍ കുറഞ്ഞു പോയതു ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാനേജര്‍. ഇടപ്പള്ളിയിലെ ചിക്കിംഗ് ഔട്ട്ലെറ്റില് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സിബിഎസ്ഇ മീറ്റില്‍ പങ്കെടുക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളെയാണ് മാനേജര്‍ ഭീഷണിപ്പെടുത്തിയത്.
ചോദ്യം ചെയ്തത് ഇഷ്ടപ്പെടാഞ്ഞ മാനേജര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. മാനേജരുടെ രൂക്ഷമായ പെരുമാറ്റത്തെത്തുടർന്നു വിദ്യാര്‍ഥികള്‍ സഹോദരങ്ങളെ വിളിച്ചു വരുത്തി. ഇതോടെ വാക്കേറ്റം ഉണ്ടാവുകയും മാനേജര്‍ കത്തി എടുത്ത് കൈയേറ്റം ചെയ്യാനായി ശ്രമിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
സംഭവത്തിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെയും മാനേജരുടെയും പരാതിയില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മാനേജരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങള്‍ക്കെതിരെയും കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതില്‍ മാനേജര്‍ക്കെതിരെയുമാണ് പരാതി.
