കൊച്ചി: ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന് വിട നല്കി രാഷ്ട്രീയ കേരളം.രാവിലെ ഒമ്പതു വരെ ആലുവയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതിക ദേഹത്തില്‍ നിരവധിപ്പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. പത്തിന് ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് ജുമാ മസ്ജിദില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു.
ഇന്നലെ കളമശേരി ഞാലകം കണ്വന്ഷന് സെന്ററില്‍ ആയിരങ്ങളാണ് പ്രിയനേതാവിനെ അവസാനമായി കാണാന്‍ എത്തിയത്. വ്യവസായ മന്ത്രി പി. രാജീവും, രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. ഇബ്രാഹിംകുഞ്ഞിനോടുള്ള ആദരസൂചകമായി മുസ്ലിം ലീഗ് മൂന്ന് ദിവസത്തെ പൊതുപരിപാടികള്‍ മാറ്റിവച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ.സി. വേണുഗോപാല്‍, പി.കെ. കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങള്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.
നദീറയാണ് ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ. മക്കള്‍: അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂര്‍, വി.ഇ. അബ്ബാസ് (ലണ്ടന്‍), വി.ഇ. അനൂപ്. അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ. ബീരാന് സഹോദരനാണ്.
യാത്ര പറഞ്ഞത് ജനകീയ നേതാവ്
ലീഗിലെ ജനകീയനായ നേതാവാവായിരുന്നു വി.കെ.ഇബ്രാഹിംകുഞ്ഞ്. നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്ന അദ്ദേഹം മധ്യകേരളത്തിലെ ലീഗിന്റെ ജനകീയമുഖമായിരുന്നു. എംഎസ്എഫിലൂടെയാണ് വി.കെ. ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു.
2005 മുതല്‍ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ്, 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ അദ്ദേഹം എംഎല്‍എയായി. നിലവില്‍ ഐയുഎംഎല്‍ നാഷണല്‍ എക്സിക്യൂട്ടിവ് അംഗമായിരുന്നു.
ച്ചിന് ഇന്റനാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഡയറക്ടര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിൻഡിക്കേറ്റ് മെമ്പര്‍, ഗോശ്രീ ഐലന്റ് ഡെവലപ്പ്മെന്റ് അഥോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്യോഗിക അംഗം, ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്പ്മെന്റ് അഥോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ തുടങ്ങിയ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
