തൃശൂർ: കരൾശസ്ത്രക്രിയ കഴിഞ്ഞു അച്ഛൻ വിശ്രമക്കിടക്കയിൽ. അച്ഛനു കരൾ പകുത്തുകൊടുത്ത അമ്മയും വിശ്രമത്തിൽ. എറണാകുളത്തുനിന്നും കലോത്സവത്തിൽ മത്സരിക്കുന്നതിനായി ഒരുങ്ങി ഇറങ്ങുന്പോൾ ആദിത്യ എസ്. പ്രഭുവിനൊപ്പം ഗുരുവും ബന്ധുമായ വിജേഷും കൂട്ടുകാരുംമാത്രം. പിന്നെ മാതാപിതാക്കളുടെ അനുഗ്രഹവും.
ജയിച്ചുവരണം എന്നുപറഞ്ഞ് ആശീർവദിച്ചയച്ചപ്പോൾ എ ഗ്രേഡ് നേടി തിരിച്ചുവരുമെന്ന് വാക്കു കൊടുത്താണിറങ്ങിയത്. ഹൈസ്കൂൾ വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനത്തിലും ഭരതനാട്യത്തിലും മത്സരിച്ച ആദിത്യ, രണ്ടു വിഭാഗത്തിലും എഗ്രേഡ് സ്വന്തമാക്കി. മാതാപിതാക്കൾക്കു കൊടുത്ത വാക്കും പാലിച്ചു.
എറണാകുളം എളമക്കര ജിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ് ആദിത്യ. എളമക്കരയിലെ “മാതൃഛായ’ വീട്ടിൽനിന്നു കലോത്സവവേദിയിലേക്കു മകനൊപ്പംവരാൻ ഇത്തവണ അച്ഛൻ സന്തോഷ്കുമാറിനും അമ്മ അനിതയ്ക്കും കഴിഞ്ഞില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ഒരുമാസമാകുന്നതേയുള്ളൂ. ലിവർ സിറോസിസ് ബാധിച്ചതോടെയാണ് സന്തോഷ്കുമാറിന് അനിതയുടെ കരൾ മാറ്റിവച്ചത്. അവരെ പരിചരിക്കാൻ ഒപ്പംനിൽക്കുന്നതിനാൽ അപ്പൂപ്പൻ നിത്യാനന്ദിനും അമ്മൂമ്മ ശോഭയ്ക്കും പേരക്കുട്ടിയുടെ പ്രകടനം കാണാനായില്ല.
ഗുരുകുലവിദ്യാഭ്യാസരീതിയിൽ നൃത്തം അഭ്യസിപ്പിക്കുന്ന സുരേഷ്കുമാർ എളമക്കരയാണ് ആദിത്യയുടെ ഗുരു. അഞ്ചുവർഷമായി അദ്ദേഹത്തിന്റെ നൃത്തധ്വനി സ്റ്റാർ കിംഗ്സ് എന്ന സ്ഥാപനത്തിൽ പഠനം തുടങ്ങിയിട്ട്. സിബിഎസ്ഇ പത്താംക്ലാസ് വിദ്യാർഥിയായ അതുൽകൃഷ്ണ ഇരട്ടസഹോദരനാണ്.
