തൃശൂർ: എൽകെജിയിൽ പഠിക്കുമ്പോൾ മൈക്കിന് മുന്നിൽ പകച്ചുനിന്ന് കരഞ്ഞോടിയ ആ കൊച്ചുപയ്യനല്ല ഇന്ന് നിഷാൻ മുഹമദ്. ഇന്ന് അവൻ മൈക്കിന് മുന്നിൽ നിന്നാൽ സദസ് ഒന്നടങ്കം നിശബ്ദമാകും. പിന്നാലെ ശബ്ദവിസ്മയങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്തും!
സംസ്ഥാന മിമിക്രി വേദിയിൽ തുടർച്ചയായ നാലാം തവണയും എ ഗ്രേഡ് തിളക്കവുമായാണ് കോഴിക്കോട് പാലോറ എച്ച്എസ്എസിലെ ഈ പ്ലസ് വൺ വിദ്യാർഥി കലോത്സവ നഗരിയിലെ പവിഴമല്ലി വേദിയിൽ നിന്ന് മടങ്ങുന്നത്. കോഴിക്കോട് നിന്ന് തൃശൂരിലെ കലോത്സവ നഗരിയിലേക്കുള്ള ഒരു വ്ലോഗറുടെ യാത്രയായിരുന്നു നിഷാന്റെ പ്രമേയം.
നെഞ്ചിടിപ്പേറ്റുന്ന കാന്താര ബിജിഎമ്മും മനസ് നിറയ്ക്കുന്ന താരാട്ടുപാട്ടും പക്ഷിമൃഗാദികളുടെ ശബ്ദങ്ങളും സമന്വയിപ്പിച്ച പ്രകടനം സദസിനെ വിസ്മയിപ്പിച്ചു.
മിമിക്രി താരം ഫൈസൽ ഉളിയേരിയുടെയും തസ്നിയുടെയും മകനായ നിഷാൻ, പാരമ്പര്യമായി ലഭിച്ച കലാവാസനയെ പുത്തൻ ട്രെൻഡുകളുമായി ചേർത്തുവെച്ചാണ് ഇക്കുറിയും വേദി കീഴടക്കിയത്. പരിശീലനത്തിനായി പ്രത്യേക സമയം ചെലവിടാറില്ലെന്നും ഒഴിവുവേളകൾ അതിനായി ഉപയോഗിക്കുമെന്നും സിനിമയാണ് തന്റെ ലക്ഷ്യമെന്നും നിഷാൻ കൂട്ടിച്ചേർത്തു.
