കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനു മുൻവശത്തുള്ള ജയിൽ വളപ്പിന്റെ പിറക് വശത്തും റോഡിലുമായി മാലിന്യങ്ങൾ തള്ളുന്നത് പ്രദേശവാസികൾക്കു ദുരിതമാകുന്നു. ജയ് ജവാൻ റോഡിനോടു ചേർന്ന പറന്പിലും റോഡരികിലുമായാണ് വാഹനങ്ങളിലും മറ്റുമായി ദൂരദിക്കുകളിലുള്ളവർ രാപ്പകൽ വ്യത്യാസമില്ലാതെ മാലിന്യങ്ങൾ കൊണ്ടിടുന്നത്.
ഇന്നു രാവിലെ ജയിൽ വളപ്പിൽ കുട്ടികളുടെ ഡയപ്പറുകൾ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് കൊണ്ടു വന്നു തള്ളിയത്. കാക്കകളും മറ്റും ഇവ കൊത്തി കിണറുകളിലും മറ്റും കൊണ്ടിടാനുള്ള സാധ്യത ഏറെയാണെന്നത് സമീപത്തെ വീട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.
ഇതിനു മുന്പും സമാന സംഭവമുണ്ടായിരുന്നു. അന്ന തെരുവ് നായകൾ മാലിന്യം കടിച്ചു വലിച്ച് റോഡിലാക്കിയതിനെ തുടർന്ന് ഇതുവഴി നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥ ഉടലെടുത്തിരുന്നു.
ജയിൽ വളപ്പിൽ സെക്യൂരിറ്റി ജീവനക്കാരില്ലാത്തത് മറയാക്കിയാണ് പലരും മാലിന്യം കൊണ്ടു വന്നു തള്ളുന്നത്. മാലിന്യം തള്ളുന്നത് തടയാനും മാലിന്യം കൊണ്ടിടുന്നവരെ കണ്ടെത്താനും ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി വേണമെന്ന് പ്രദേശത്തെ വീട്ടുകാർ ആവശ്യപ്പെടുന്നു.
