ഇന്ത്യയുടെ പൈതൃകവും ഭൂപ്രകൃതിയുമെല്ലാം വിദേശികളെ ഇങ്ങോട്ടേക്ക് ആകർഷിക്കാനുള്ള പ്രധാന കാരണമാണ്. കൊറിയയിൽ നിന്നുള്ള ഒരു കുടുംബം ഇന്ത്യ സന്ദർശിക്കുന്നതിനായി എത്തിയ മനോഹര കാഴ്ചയാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. wonnybrothers എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പാരന്പര്യ തൊഴിലുകൾ പിന്തുടരുന്ന ധാരാളം വിഭാഗങ്ങൾ നമ്മുടെ രാജ്യത്തിലുണ്ട്. അത്തരമൊരു സ്ഥലമാണ് മുംബൈയിലെ പ്രശസ്തമായ ധോബി ഘട്ട്. അതായത് തുണി അലക്കു ശാല. കൊറിയൻ കുടുംബം അവിടേക്ക് സന്ദർശനത്തിനായി എത്തി. വെറുമൊരു സന്ദർശനം മാത്രമായിരുന്നില്ല അത്. ധോബിയിൽ ആളുകൾ എങ്ങനെയാണ് ജോലി ചെയ്യുന്നത് എന്ന് നേരിട്ട് കണ്ട് അനുഭവിച്ച് അറിയാനാണ് അവരെത്തിയത്.
അലക്കു കല്ലിൽ തുണി കഴുകുന്നത് നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന രീതിയാണ്. കുട്ടികൾക്ക് അത് കണ്ട് ഒരേ സമയം അത്ഭുതവും സന്തോഷവും തോന്നി. വാഷിംഗ് മെഷിനിന്റെ സഹായത്തോടെ തുണികൾ കഴുകി ഉണക്കുന്നത് മാത്രമേ അതുവരെ അവർക്ക് അറിയുകയുള്ളൂ. ഈ കാഴ്ച ശരിക്കും കുട്ടികളെ അത്ഭുതപ്പെടുത്തി.
തുണി അലക്കുന്നതിന്റെ ഓരോ ഘട്ടവും അവർ സസൂക്ഷ്മം വീക്ഷിക്കുന്നത് വീഡിയോയിൽ കാണാം. അത് മാത്രമല്ല തങ്ങൾക്കും തുണികൾ കഴുകണമെന്ന ആവശ്യം അവർ പറഞ്ഞപ്പോൾ ധോബിവാലകൾ എതിരും നിന്നതുമില്ല. എങ്ങനെ തുണി അലക്കാം എന്ന് അവർ കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. അത് കണ്ട് കുട്ടികളും തുണി അലക്കി. ആ കാഴ്ച വളരെ നോഹരമായിരുന്നു.
