പരവൂർ: മെഡിക്കൽ വിദ്യാർഥി പഠനയാത്രയ്ക്കിടെ കടലിൽ മുങ്ങിമരിച്ചു. പരവൂർ കോട്ടപ്പുറം വടക്കൻ വിളയിൽ അജയ്കുമാറിന്റെയും മിനിയുടെയും മകൾ കല്യാണി (20) യാണ് മരിച്ചത്. കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയാണ്. ഞായറാഴ്ച സഹപാഠികളോടൊപ്പം കർണാടകയിലെ തന്നെ ഗോകർണ ബീച്ചിലേക്ക് വിനോദ യാത്ര പോയിരുന്നു.
വൈകുന്നേരം അഞ്ചോടെ ബീച്ചിലെത്തിയ സംഘം തിരയിൽ ചവിട്ടുന്നതിനിടയിൽ കല്യാണിയും മറ്റൊരു വിദ്യാർഥിയും തിരയിൽ അകപ്പെട്ടു.
ഇരുവരേയും കൂടെയുളളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും കല്യാണിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
രണ്ട് മണിക്കൂറിനു ശേഷം കല്യാണിയെ കണ്ടെത്തിയെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടത്തു. സഹോദരി: നേഹ (മെഡിക്കൽ വിദ്യാർഥി ). സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ 11 ന് വീട്ടുവളപ്പിൽ നടന്നു.
