മൂന്നാര്‍: മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ഇഴയുന്നു. സംഭവം നടന്ന് ആറു മാസം പിന്നിട്ടിട്ടും തുമ്പ് കണ്ടെത്താനാവാതെ പോലീസ് കുഴങ്ങുന്നു. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിപുലമായ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു സൂചനയും ഇതുവരെ പോലീസിനു ലഭിച്ചിട്ടില്ല.
ചൊക്കനാട് എസ്റ്റേറ്റ് സ്വദേശിയും ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ രാജപാണ്ടി സുബ്ബയ്യ (68) കുത്തേറ്റു മരിച്ച സംഭവത്തിലാണ് അന്വേഷണം വഴിമുട്ടി നിൽക്കുന്നത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാതെവന്നതോടെ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. സംഭവവുമായി ബന്ധപ്പെട്ട് 150ൽ അധികം പേരെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. എസ്റ്റേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും വിഫലമായി.
സംഭവദിവസം രാവിലെ ഏഴിനു ഫാക്ടറിയില്‍നിന്ന് ഇറങ്ങിപ്പോകുന്നത് സിസിടിവി കാമറകളില്‍ തെളിഞ്ഞെങ്കിലും മരിച്ച നിലയില്‍ കണ്ടെത്തിയ ക്വാര്‍ട്ടേഴ്സിനു സമീപത്തെങ്ങും കാമറകള്‍ ഇല്ലാതിരുന്നത് തിരിച്ചടിയായി. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കാതെ വന്നതോടെ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
എസ്റ്റേറ്റിലുള്ള ആരെങ്കിലും വിവരം നല്‍കുമെന്നായിരുന്നു പോലീസ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, വിവരം നല്കുവാന് ആരും വരാതിരുന്നതോടെ പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. കഴിഞ്ഞ ഓഗസ്റ്റ് 16നാണ് എസ്റ്റേറ്റിലെ ക്വാര്‍ട്ടേഴ്സില്‍ രാജപാണ്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തലയിലും കഴുത്തിലും കുത്തേറ്റ നിലയിലായിരുന്നു. ക്വാര്‍ട്ടേഴ്സിലേക്ക് മടങ്ങിയിട്ട് ഏറെ നേരമായിട്ടും എത്താതിരുന്നതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ജീവനക്കാരനെ കണ്ടെത്തിയത്.
