ട്രെയിൻ യാത്രയിൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന് ഭക്ഷണം, രണ്ട് ബാത്റൂം. ഇവ രണ്ടും യാത്രയിൽ പ്രയാസമാണെങ്കിൽ പിന്നെ കഥ പറയേണ്ട കാര്യമില്ലല്ലോ.
ട്രെയിനിനുള്ളിൽ കെറ്റിലിൽ ഭക്ഷണം ഉണ്ടാക്കിയ യാത്രക്കാരുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ ധാരാളം വിമർശനങ്ങളും വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു കുടുംബം ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യുന്ന വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. എന്നാൽ കറണ്ടോ, ഗ്യാസോ ഉപയോഗിക്കാതെയാണ് കുടുംബം ഭക്ഷണം ഉണ്ടാക്കിയത്. അതിനാൽത്തന്നെ സോഷ്യൽ മീഡിയയിൽ അതിനു വലിയ കൈയടി ആണ് ഇപ്പോൾ ലഭിക്കുന്നത്.
സാൻഡ്വിച്ചാണ് അവർ ഉണ്ടാക്കിയത്. ബ്രെഡും ധാരാളം സോസുകളും അരിഞ്ഞ പച്ചക്കറികളും ചേർത്ത് അവർ സാൻഡ്വിച്ചാണ് ഉണ്ടാക്കിയത്. തക്കാളിയും കക്കിരിയും സവോളയുമെല്ലാം അവർ ട്രെയിനിനുള്ളിൽവച്ച് അരിയുന്നത് നമുക്ക് കാണാൻ സാധിക്കും. പച്ച നിറത്തിലുള്ള ചട്നി അവർ ബ്രെഡിൽ തേച്ചശേഷം അരിഞ്ഞ പച്ച്ക്കറികൾ ബ്രെഡിനുള്ളിൽ വയ്ക്കുന്നു. ഞൊടിയിടയിൽ സാൻഡ്വിച്ച് റെഡി.
വീഡിയോ വൈറലായതോടെ കുടുംബക്കാരുടെ ഐഡിയയെ അഭിനന്ദിച്ച് ധാരാളം ആളുകൾ രംഗത്തെത്തി. യാത്രാവേളയിൽ ഗ്യാസോ കറണ്ടോ ഉപയോഗിക്കാതെ പെട്ടെന്ന് തയാറാക്കാൻ സാധിക്കുന്ന ഭക്ഷണം ഉണ്ടാക്കാൻ അനുവദിക്കണമെന്നാണ് ഈ വീഡിയോ കണ്ട എല്ലാവരും പറഞ്ഞത്. എന്നാൽ ഇത്തരക്കാരെ ട്രെയിനിൽ നിന്നുതന്നെ നിരോധിക്കണമെന്ന് പറഞ്ഞ് വന്നവരും കുറവല്ല.
