ഭ​ര​ണ പാ​ദ​ങ്ങ​ൾ​ക്കൊ​ത്ത് മു​റി​ക്ക​യോ ജ​നാ​ധി​പ​ത്യ പാ​ദു​കം!

ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സം​സാ​രി​ക്കാ​നു​ള്ള യോ​ഗ്യ​ത​ക​ളി​ൽ ഒ​ന്നു​കൂ​ടി ഭ​ര​ണ​കൂ​ടം കൈ​യൊ​ഴി​യു​ക​യാ​ണെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്ത​ട്ടെ. പി​എം കെ​യേ​ഴ്‌​സ് ഫ​ണ്ട്, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദേ​ശീ​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട്, ദേ​ശീ​യ പ്ര​തി​രോ​ധ ഫ​ണ്ട് എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ള്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​നു​വ​ദി​ക്കേ​ണ്ടെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​നു ന​ൽ​കി​യ നി​ർ​ദേ​ശ​മാ​ണ് ആ​ശ​ങ്ക​യ്ക്കു പ്ര​ധാ​ന കാ​ര​ണം.

വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​നു കൂ​ച്ചു​വി​ല​ങ്ങി​ടാ​നു​ള്ള നി​ർ​ദേ​ശം സാ​ന്പ​ത്തി​ക സ​ർ​വേ​യി​ലൂ​ടെ ധ​ന​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച​ത് മ​റ്റൊ​രു കാ​ര​ണ​മാ​ണ്. പാ​ർ​ല​മെ​ന്‍റും ജ​ന​ങ്ങ​ളും അ​റി​യാ​തെ പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന​ർ​ഥം. സു​താ​ര്യ​ത​യി​ല്ലാ​ത്ത ഭ​ര​ണ​മെ​ന്ന​ത് ഇ​തി​ലെ ചെ​റി​യ അ​പ​ക​ടം മാ​ത്ര​മാ​ണ്.

പ്ര​ധാ​നം, പാ​ർ​ല​മെ​ന്‍റി​നെ​യും ജ​ന​ങ്ങ​ളെ​യും മാ​റ്റി​നി​ർ​ത്തു​ന്ന ഭ​ര​ണ​ത്തി​നു ജ​നാ​ധി​പ​ത്യ​ത്തോ​ട​ല്ല, ഏ​കാ​ധി​പ​ത്യ-​മ​ത ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളോ​ടാ​ണ് സാ​മ്യം എ​ന്ന​താ​ണ്. ഈ ​രാ​ജ്യ​ത്തി​ന്‍റെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ജ​നാ​ധി​പ​ത്യ​ത്തി​ൽ കാ​ലു​റ​പ്പി​ക്കു​ന്ന​തി​നു പ​ക​രം, ഭ​രി​ക്കു​ന്ന​വ​രു​ടെ കാ​ലു​ക​ൾ​ക്കും പാ​ത​ക​ൾ​ക്കു​മൊ​പ്പി​ച്ച് അ​തി​നെ മു​റി​ച്ചു വി​കൃ​ത​മാ​ക്ക​രു​ത്.

കോ​വി​ഡ് പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്കു പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യു​ള്ള ജീ​വ​കാ​രു​ണ്യ നി​ധി​യാ​ണ് പി​എം കെ​യേ​ഴ്‌​സ്. പ്ര​കൃ​തി​ദു​ര​ന്തം, അ​പ​ക​ടം, ക​ലാ​പം എ​ന്നി​വ ബാ​ധി​ച്ച​വ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് ദു​രി​താ​ശ്വാ​സ​നി​ധി. സൈ​നി​ക, അ​ര്‍​ധ​സൈ​നി​ക അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​ണ് ദേ​ശീ​യ പ്ര​തി​രോ​ധ നി​ധി. പൗ​ര​ന്മാ​രും വ്യ​വ​സാ​യി​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മൊ​ക്കെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ന​ൽ​കു​ന്ന ഇ​വ​യു​ടെ ക​ണ​ക്ക് ജ​ന​ങ്ങ​ളെ​യോ പാ​ർ​ല​മെ​ന്‍റി​നെ​യോ ബോ​ധി​പ്പി​ക്കാ​തി​രി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ല​ക്കു​മാ​യെ​ത്തി​യ​ത്.

പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്നു നേ​രി​ട്ടാ​ണ് ഈ ​ഫ​ണ്ടു​ക​ളി​ലേ​ക്ക് തു​ക സ​മാ​ഹ​രി​ക്കു​ന്ന​തെ​ന്നും അ​തു സ​ര്‍​ക്കാ​രി​ന്‍റെ നേ​രി​ട്ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല​ല്ലാ​ത്ത​തി​നാ​ൽ, ലോ​ക്സ​ഭാ ച​ട്ട​ങ്ങ​ളി​ലെ 41(2) (viii), 41(2)(xvii) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം മൂ​ന്നു ഫ​ണ്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളും കാ​ര്യ​ങ്ങ​ളും അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നു​മാ​ണ് നി​ല​പാ​ട്. 2022-23 വ​ര്‍​ഷ​ത്തെ വ​ര​വു​ചെ​ല​വ് ക​ണ​ക്കു മാ​ത്ര​മാ​ണ് പി​എം കെ​യേ​ഴ്സ് ഫ​ണ്ടി​ന്‍റെ വെ​ബ്‌​സൈ​റ്റി​ലു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച്, 2023 മാ​ര്‍​ച്ചി​ല്‍ 6,283.7 കോ​ടി രൂ​പ​യു​ണ്ടാ​യി​രു​ന്നു. ആ​രു ത​ന്നു? ആ​ർ​ക്കു കൊ​ടു​ത്തു? എ​ന്ന് ബി​ജെ​പി സ​ർ​ക്കാ​ര​ല്ലാ​തെ മ​റ്റാ​രെ​യും അ​റി​യി​ക്കാ​തി​രി​ക്കാ​നാ​ണ് നീ​ക്കം.

ഒ​ന്നാം മോ​ദി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഇ​ല​ക്‌​ട​റ​ൽ ബോ​ണ്ടി​ന്‍റെ കാ​ര്യ​ത്തി​ലും ഏ​താ​ണ്ട് സ​മാ​ന​മാ​യ ഒ​ളി​ച്ചു​ക​ളി​യാ​യി​രു​ന്നു. പ​ക്ഷേ, സു​പ്രീം​കോ​ട​തി​യു​ടെ ക​ർ​ശ​ന​മാ​യ ഇ​ട​പെ​ട​ലി​ൽ അ​തു പു​റ​ത്തു​വി​ടേ​ണ്ടി​വ​ന്നു. വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ൻ എ​സ്ബി​ഐ അ​ന്നു കോ​ട​തി​യെ സ​മീ​പി​ച്ച​ത് സു​താ​ര്യ​മ​ല്ലാ​ത്ത വി​ധേ​യ​ത്വ​ത്തി​ന്‍റെ സൂ​ച​ന​യാ​യി.

സം​ഭാ​വ​ന​ക​ളി​ൽ സിം​ഹ​ഭാ​ഗ​വും ല​ഭി​ച്ച​ത് ബി​ജെ​പി​ക്കാ​യി​രു​ന്നു. വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ്, ഇ​ല​ക്‌​ട​റ​ൽ ബോ​ണ്ട് വാ​ങ്ങി​യ​വ​ർ​ക്ക് വ​ന്പ​ൻ ക​രാ​റു​ക​ൾ ല​ഭി​ക്കു​ന്ന​തും അ​വ​രു​ടെ പേ​രി​ലു​ള്ള അ​ഴി​മ​തി മാ​ഞ്ഞു​പോ​കു​ന്ന​തു​മാ​യ നീ​ക്കു​പോ​ക്കു​ക​ൾ ക​ണ്ട് രാ​ജ്യം ന​ടു​ങ്ങി​യ​ത്. പ​ണി​തീ​രും​മു​ന്പേ ത​ക​രു​ന്ന ദേ​ശീ​യ​പാ​ത​ക​ൾ, പാ​ല​ങ്ങ​ൾ, വാ​ട്ട​ർ ടാ​ങ്കു​ക​ൾ, അ​തി​സ​ന്പ​ന്ന​രു​ടെ ത​ട്ടി​ക്കൂ​ട്ട് ക​ന്പ​നി​ക​ൾ, ഓ​ഹ​രി​വി​പ​ണി​യി​ലെ അ​ട്ടി​മ​റി​ക​ൾ… ഉ​ത്ത​ര​വാ​ദി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ണം. അ​വ​രു​ടെ ഭ​ര​ണ​കൂ​ട​ബ​ന്ധ​ങ്ങ​ൾ സു​താ​ര്യ​മാ​യി​രി​ക്ക​ണം.

കേ​ന്ദ്ര​ത്തി​ന്‍റെ സ്വ​കാ​ര്യ​താ സം​ര​ക്ഷ​ണ​വും സം​ശ​യ​നി​ഴ​ലി​ലാ​ണ്. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളു​ടെ ശേ​ഖ​രി​ക്ക​ൽ, സൂ​ക്ഷി​ക്ക​ൽ, സം​ര​ക്ഷി​ക്ക​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് കൊ​ണ്ടു​വ​ന്ന ഡി​ജി​റ്റ​ൽ വ്യ​ക്തി​ഗ​ത വി​വ​ര​സം​ര​ക്ഷ​ണ (ഡി​ജി​റ്റ​ൽ പേ​ഴ്സ​ണ​ൽ ഡാ​റ്റാ പ്രൊ​ട്ട​ക്‌​ഷ​ൻ ആ​ക്‌​ട്- ഡി​പി​ഡി​പി) നി​യ​മ​ത്തി​ലെ ച​ട്ട​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി വി​ജ്ഞാ​പ​നം ചെ​യ്ത​ത് ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്. വ്യ​വ​സ്ഥ ലം​ഘി​ക്കു​ന്ന ക​ന്പ​നി​ക​ൾ​ക്ക് പി​ഴ ചു​മ​ത്തും. പ​ക്ഷേ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഈ ​വ്യ​വ​സ്ഥ ബാ​ധ​ക​മ​ല്ല. ത​ക​ർ​ന്നി​ല്ലേ സ്വ​കാ​ര്യ​താ സം​ര​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​ത്ത​റ! സ​ഞ്ചാ​ർ സാ​ഥി ആ​പ്പി​ന്‍റെ ക​ഥ​യും മ​റ്റൊ​ന്ന​ല്ല.

ന​ഷ്ട​പ്പെ​ട്ട ഫോ​ൺ വീ​ണ്ടെ​ടു​ക്കാം, ത​ട്ടി​പ്പ് ന​ന്പ​റു​ക​ൾ ബ്ലോ​ക് ചെ​യ്യാം തു​ട​ങ്ങി​യ പ​ര​സ്യ​ങ്ങ​ളു​മാ​യി​ട്ടാ​ണ് സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ​ത​ന്നെ സ്ഥാ​പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​വം​ബ​റി​ൽ ഇ​റ​ക്കി​യ​ത്. പ​ക്ഷേ, എ​ല്ലാ വ്യ​ക്തി​ഗ​ത​വി​വ​ര​ങ്ങ​ളും ആ​പ്പി​ന്‍റെ ഉ​ട​മ​യാ​യ സ​ർ​ക്കാ​രി​ന​റി​യാം.

പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​യും വി​മ​ർ​ശ​ക​രെ​യും ല​ക്ഷ്യ​മി​ട്ട പെ​ഗാ​സ​സ് ചാ​ര സോ​ഫ്റ്റ്‌​വേ​റി​ന്‍റെ വി​പു​ല​മാ​യ പ​തി​പ്പാ​ണി​തെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്നു. ഉ​പ​യോ​ക്താ​ക്ക​ളെ നി​രീ​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ഫോ​ൺ ക​ന്പ​നി​ക​ളും നി​യ​മ​യു​ദ്ധ​ത്തി​നി​റ​ങ്ങു​മെ​ന്നാ​യ​തോ​ടെ പി​ൻ​വ​ലി​ച്ചു. ഇ​ത്ത​രം ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യേ ഫ​ണ്ടു​ക​ളു​ടെ ക​ണ​ക്ക് ഒ​ളി​പ്പി​ക്കാ​നും വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​രി​നെ ര​ക്ഷി​ക്കാ​നു​മു​ള്ള നീ​ക്ക​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യൂ.

വി​വ​രാ​വ​കാ​ശ, പാ​ർ​ല​മെ​ന്‍റ് വി​ല​ക്കു​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഒ​ഴി​വാ​ക്കി​യാ​ൽ പി​ന്നെ ജ​നാ​ധി​പ​ത്യ​മി​ല്ല. ജ​ന​ങ്ങ​ളോ​ടും പാ​ർ​ല​മെ​ന്‍റി​നോ​ടും മ​റ​ച്ചു​വ​യ്ക്കു​ന്ന വി​വ​ര​ങ്ങ​ൾ, സ​ന്പ​ത്ത്, സാ​ന്പ​ത്തി​ക സ്രോ​ത​സു​ക​ൾ, പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളു​ടെ​യും വി​മ​ർ​ശ​ക​രു​ടെ​യും കാ​ര്യ​ത്തി​ൽ മാ​ത്രം റെ​യ്ഡി​നി​റ​ങ്ങു​ന്ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ, ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തി​ൽ​നി​ന്നു പ്ര​തി​പ​ക്ഷ​ത്തി​നു പാ​ർ​ല​മെ​ന്‍റി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന വി​ല​ക്ക്, വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​നു കൂ​ച്ചു​വി​ല​ങ്ങി​ടാ​നു​ള്ള നീ​ക്കം, ച​ർ​ച്ച​യി​ല്ലാ​തെ ബി​ല്ലു​ക​ൾ പാ​സാ​ക്കാ​നു​ള്ള കു​റു​ക്കു​വ​ഴി​ക​ൾ, പാ​ർ​ല​മെ​ന്‍റി​ൽ​പോ​ലും വി​ശ​ദീ​ക​രി​ക്കാ​ത്ത അ​ന്ത​ർ​ദേ​ശീ​യ ക​രാ​റു​ക​ൾ തു​ട​ങ്ങി​യ​വ സാ​ധാ​ര​ണ കാ​ര്യ​മാ​യി മാ​റു​ക​യാ​ണ്. ഇ​ത്ത​രം സു​താ​ര്യ​ത​യി​ല്ലാ​യ്മ​യും അ​ഴി​മ​തി​ക​ളും അ​ന്തി​മ​മാ​യി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കു​തി​കാ​ൽ വെ​ട്ടു​ന്ന​താ​ണ്.

‘ഇ​ന്ത്യ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മാ​താ​വാ​ണ്’ എ​ന്ന് ഇ​ട​യ്ക്കി​ടെ ഉ​രു​വി​ട്ടാ​ൽ മ​റ​ച്ചു​വ​യ്ക്കാ​വു​ന്ന​ത​ല്ല യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ. ജ​നാ​ധി​പ​ത്യ പാ​ദു​ക​വും പാ​ത​യും കൈ​മോ​ശം വ​രാ​തി​രി​ക്കാ​ൻ, ത​ങ്ങ​ൾ​ക്കു ര​ഹ​സ്യ അ​ജ​ൻ​ഡ​ക​ളി​ല്ലെ​ന്ന് ഭ​രി​ക്കു​ന്ന​വ​ർ ഉ​റ​പ്പാ​ക്ക​ണം. പ്ര​തി​പ​ക്ഷ​മു​ക്ത രാ​ജ്യ​മെ​ന്നാ​ൽ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ രാ​ജ്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​യ​ണം.

ഏ​കാ​ധി​പ​ത്യ-​അ​ഴി​മ​തി പ്ര​വ​ണ​ത​ക​ൾ കോ​ട​തി​ക​ളി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ട​ണം. അ​പ്പോ​ൾ ന്യാ​യാ​ധി​പ​രു​ടെ വി​ശ്വാ​സ്യ​ത​യി​ല​ല്ല, ഭ​ര​ണ​ഘ​ട​ന​യി​ലും കോ​ട​തി​ക​ളി​ലു​മാ​ണ് ധൈ​ര്യ​പ്പെ​ടേ​ണ്ട​ത്. പ്ര​തി​പ​ക്ഷം അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കു​ക​യും ജ​നം ഉ​ദാ​സീ​ന​ത കൈ​വെ​ടി​യു​ക​യും വേ​ണം. ജ​നാ​ധി​പ​ത്യം സ​ർ​ക്കാ​രി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ല.

Related posts

Leave a Comment