വടക്കഞ്ചേരി: വലിയ ജില്ലയായ പാലക്കാട്ട് ജനസംഖ്യാനുപാതികമായി അക്ഷയ ഇ- കേന്ദ്രങ്ങൾ ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. നിലവിൽ ജില്ലയിൽ 271 അക്ഷയ ഇ- കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ജില്ലയുടെ വിസ്തൃതിയും ജനസംഖ്യയും പരിഗണിക്കുമ്പോൾ ഇത് ആവശ്യമായതിന്റെ പകുതി പോലും വരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഏകദേശം മുപ്പത് ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലയിൽ സർക്കാർ മാനദണ്ഡപ്രകാരം 2500 മുതൽ മൂവായിരം വരെ കുടുംബങ്ങൾക്ക് ഒരു അക്ഷയ ഇ- കേന്ദ്രം വേണമെന്നതാണ്. ഈ കണക്കുവച്ച് പരിശോധിച്ചാൽ ജില്ലയിൽ കുറഞ്ഞത് 800 മുതൽ 1000 വരെ കേന്ദ്രങ്ങൾ വേണം. എന്നാൽ മാത്രമെ സേവനങ്ങൾ സുഗമമായി നടപ്പിലാക്കാൻ സാധിക്കു. നിലവിലെ സാഹചര്യത്തിൽ പല കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഗ്രാമീണ മേഖലകൾ അധികമുള്ള പാലക്കാട്ട് ഉൾനാടൻ പ്രദേശങ്ങളിൽ വസിക്കുന്നവർക്ക് ഏറെ കിലോമീറ്ററുകൾ യാത്ര ചെയ്ത് വേണം അടുത്തുള്ള അക്ഷയ ഇ- കേന്ദ്രത്തിലെത്താൻ. മുനിസിപ്പാലിറ്റികളിൽ ഒന്നര കിലോമീറ്ററും പഞ്ചായത്തുകളിൽ രണ്ടു കിലോമീറ്ററുമാണ് രണ്ട് കേന്ദ്രങ്ങൾ തമ്മിലുള്ള കുറഞ്ഞ ദൂരപരിധിയായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും പലയിടങ്ങളിലും ഇത് പ്രായോഗികമായി നടപ്പിലായിട്ടില്ല.
ആധാർ പുതുക്കൽ, വിവിധ സർട്ടിഫിക്കറ്റുകൾ, പെൻഷൻ മസ്റ്ററിംഗ് തുടങ്ങിയ സേവനങ്ങൾക്കായി എത്തുന്നവർ അക്ഷയ കേന്ദ്രത്തിലെ തിരക്കുമൂലം സർട്ടിഫിക്കറ്റുകൾക്കായി പല ദിവസങ്ങളിലും അക്ഷയകേന്ദ്രത്തിലെത്തേണ്ട ദുരവസ്ഥയിലാണ് ജനങ്ങൾ.
