ചേര്‍ത്തല: വര്‍ഗീയത ഏതു കൊലകൊമ്പന്‍ പറഞ്ഞാലും എതിര്‍ക്കുമെന്നും അക്കാര്യത്തില്‍ ആരെയും പേടിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുതുയുഗയാത്രയ്ക്കു ചേര്‍ത്തലയില്‍ നല്കിയ സ്വീകരണത്തിനു നന്ദിപറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ പേരില്‍ എന്തുവിളിച്ചാലും എന്തൊക്കെ പറഞ്ഞാലും വിട്ടുവീഴ്ചയില്ല.
ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ആരു വര്‍ഗീയനീക്കം നടത്തിയാലും എതിര്‍ക്കുമെന്നും യുഡിഎഫിന്റെ നിലപാടിനെ മതേതര കേരളം ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവസരവാദ നിലപാടുകളിലൂടെ എട്ടുകാലിമമ്മൂഞ്ഞിനെ പോലും നാണിപ്പിക്കുന്ന വാദങ്ങളാണ് പിണറായിയും കൂട്ടരും നടത്തുന്നത്.
എല്ലാം ശരിയാക്കിയെന്ന ബോര്ഡുമാത്രമാണ് കേരളത്തിലുള്ളത്. വരാനിരിക്കുന്ന തലമുറയെപ്പോ ലും കടക്കെണിയിലാക്കിയ കുരുക്കാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിന്റെ സമ്പദ് സ്ഥിതി മെച്ചപ്പെടുത്തി സര്‍വമേഖലയിലും കുതിപ്പുണ്ടാക്കുന്ന കൃത്യമായ പദ്ധതികളുമായാണ് യുഡിഎഫ് ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. കയറും കശുവണ്ടിയും കൈത്തറിയുമടക്കമുള്ള പരമ്പരാഗത മേഖലയെ കൈപിടിച്ചുയര്‍ത്തുന്ന പദ്ധതികളും ആവിഷ്കരിക്കും.
ഒന്നിലും നിലപാടില്ലാതെ ആര്‍ക്കും മനസിലാകാത്ത വാക്കുപറയുന്ന ഗോവിന്ദന് നയിക്കുന്ന സിപിഎമ്മിനെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ നല്ല കമ്യുണിസ്റ്റുകാരാണ് രംഗത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ചേര്‍ത്തല മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് ടി. സുബ്രഹ്മണ്യദാസ് അധ്യക്ഷനായി. എംപിമാരായ എം.കെ. പ്രേമചന്ദ്രന്, വി.കെ. ശ്രീകണ്ഠന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ബി. ബാബുപ്രസാദ്, യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്‍, കെ.ആര്. രാജേന്ദ്രപ്രസാദ്, എസ്. ശരത്, എ.എം. നസീര്‍, അനില്‍ബോസ്, എബി കുര്യാക്കോസ്, സിറിയക് കാവില്‍, വി.എന്‍. സുന്ദരന്‍, ബിനു ചുള്ളിയില്‍, സി.ഡി. ശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അരൂര്‍ മണ്ഡലത്തിലെ സ്വീകരണത്തിനു ശേഷം ദേശീയപാതവഴിയെത്തിയ ജാഥയ്ക്ക് ഒറ്റപ്പുന്നയില്‍ ആവേശകരമായ സ്വീകരണം നല്കി. ഒറ്റപ്പുന്നയില്നിന്നു നിരവധി വാഹനങ്ങളുടെയും കാവടിയുടെയും മേളങ്ങളുടെയും അകമ്പടിയില്‍ ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്. തുറന്ന ജീപ്പിലെത്തിയ ജഥാക്യാപ്റ്റന് വി.ഡി. സതീശനെ പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് വേദിയിലേക്കെത്തിച്ചത്. കൂറ്റന്‍ ഹാരമണിയിച്ചായിരുന്നു സ്വീകരണം. ബ്ലോക്ക് പ്രസിഡന്റുമാരായ കെ.സി. ആന്റണി, ടി.എസ്. രഘുവരന്, നേതാക്കളായ പി. ഉണ്ണികൃഷ്ണന്, വി.എന്‍. അജയന്, ജയലക്ഷ്മി അനില്‍കുമാര്‍, ആര്. ശശിധരന്, സജി കുര്യാക്കോസ്, സി.വി. തോമസ്, ജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
