ഇച്ചിക്കാവ സിറ്റി മൃഗശാലയിൽ ജനിച്ച ഒരു ‘ജാപ്പനീസ് മക്കാക്ക്’ കുരങ്ങനാണ് പഞ്ച്. ജനിച്ചയുടനെ അമ്മ ഉപേക്ഷിച്ച പഞ്ചിന് കൂട്ടിനായി മൃഗശാല അധികൃതർ ഒരു ഒറാംഗുട്ടന്റെ കളിപ്പാട്ടം കൂട്ടിനായി നൽകി. 24 മണിക്കൂറും ആ കളിപ്പാട്ടത്തെ മാറോട് ചേർത്ത് പിടിച്ചു കിടക്കുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ എല്ലാവരുടേയും മനസ് കീഴടക്കിയിരുന്നു. ഇപ്പോഴിതാ പഞ്ചിന്റെ കഥയെ കേന്ദ്രീകരിച്ച് ജനങ്ങളിൽ സുരക്ഷാ അവബോധം വളർത്താൻ ഒരുങ്ങുകയാണ് മുംബൈ, ഡൽഹി പോലീസ് സേനകൾ.
തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ മുംബൈ പോലീസ് ‘തിന്മ കാണരുത്, കേൾക്കരുത്, പറയരുത്’ എന്ന സന്ദേശം പറയുന്ന മൂന്ന് കുരങ്ങന്മാരുടെ നാല് ചിത്രങ്ങൾ പങ്കുവച്ചു. ഇവയോടൊപ്പം പഞ്ചിന്റെ ചിത്രം ചേർത്ത് ‘ബുര മത് കരോ’ (തിന്മ ചെയ്യരുത്) എന്ന സന്ദേശം കൂടി അവർ ഉൾപ്പെടുത്തി. ‘ബുദ്ധിമാനായിരിക്കൂ, തിന്മകൾ റിപ്പോർട്ട് ചെയ്യൂ’ (Be wise, report vice) എന്ന കുറിപ്പോടെ #JustPunchIn112 എന്ന ഹാഷ്ടാഗോയെടാണ് ചിത്രങ്ങൾ അവർ പങ്കുവച്ചത്.
ഡൽഹി പോലീസും ഈ ക്യാമ്പയിനിൽ പങ്കുചേർന്നു. ‘പഞ്ചിന്റെ കഥ നമ്മളെ ഒരു കാര്യം ഓർമ്മിപ്പിക്കുന്നു, എല്ലാവർക്കും ആരുടെയെങ്കിലും സഹായം ആവശ്യമാണ്. ഞങ്ങൾ എപ്പോഴും നിങ്ങൾക്കായി ഇവിടെയുണ്ട്’ എന്ന് പറഞ്ഞ് ഒരു പോലീസ് ഉദ്യോഗസ്ഥൻ പഞ്ചിനൊപ്പം നടന്നുപോകുന്ന ചിത്രവും അവർ പങ്കുവച്ചു.
