മരോട്ടിച്ചാൽ: ചീരക്കുണ്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മരോട്ടിച്ചാൽ സ്വദേശികളായ കിടങ്ങൻ ജോബി, തണ്ടാശേരി അശോകൻ എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ് എന്നീ കൃഷികളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
ജോബിയുടെ കൃഷിയിടത്തിലെ കുലവന്ന 50 ൽ പരം നേന്ത്രവാഴകളാണ് ആന നശിപ്പിച്ചത്. പ്രദേശത്തെ അഞ്ച് തെങ്ങും, കവുങ്ങുകളും ആന കുത്തി മറിച്ചിട്ടു.
ചീരക്കുണ്ട് പ്രദേശത്ത് മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. കൃഷിയിടത്തിലേക്ക് കാട്ടാന ഇറങ്ങാതിരിക്കാൻ വനാതിർത്തിയിൽ വൈദ്യുതി വേലി ഉണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് ആന ഇറങ്ങാൻ കാരണമാകുന്നത്.
ഇതുമൂലം കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഓരോ ദിവസവും ഉണ്ടാവുന്നത്. ഇതിനൊന്നും തന്നെ യാതൊരുവിധ നഷ്ടപരിഹാരവും ലഭിക്കുന്നില്ലെന്നും പ്രദേശത്ത് കൃഷി ചെയ്യാൻ സാധിക്കാത്തഅവസ്ഥയാണെന്നും കർഷകർ പറയുന്നു.
