വടക്കഞ്ചേരി: പാലക്കുഴി മലയോരവാസികളുടെ സ്വപ്നപദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ നിർമാണപ്രവൃത്തികൾ പൂർത്തിയായി. വൈദ്യുതി ഉത്പാദനത്തിനു സജ്ജമാണിപ്പോൾ.
അവസാനഘട്ടത്തിലെ ചെറിയ വർക്കുകൾ മാത്രമേ ഇനി ശേഷിക്കുന്നുള്ളു. ഏതുസമയവും വൈദ്യുതി ഉത്പാദനത്തിനു പവർഹൗസും അനുബന്ധ സംവിധാനങ്ങളും തയാറാണെന്നു അധികൃതർ പറഞ്ഞു. വേനലായതിനാൽ വെള്ളമാണു പ്രശ്നം.
തടയണയിൽ വെള്ളം സംഭരിച്ചിട്ടുണ്ടെങ്കിലും അതു തുടർച്ചയായ ഉത്പാദനത്തിനു പര്യാപ്തമല്ല. നാലുമീറ്റർ വെള്ളമാണുള്ളത്. ഇതിലെ വെള്ളം പൈപ്പുവഴിവിട്ട് പ്രാഥമിക ടെസ്റ്റിംഗും നടക്കുന്നുണ്ട്.
നല്ല വേനൽമഴ ലഭിച്ചാൽ വൈദ്യുതി ഉത്പാദനവുമാകാം. തടയണയിൽനിന്നും 294 മീറ്റർ ദൂരത്തിൽ ലൊപ്രഷർ പൈപ്പും തുടർന്ന് പവർഹൗസ് വരെയുള്ള 438 മീറ്റർ ദൂരത്തിൽ ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഉത്പാദനം കഴിഞ്ഞ് വെള്ളം ഇതിനടുത്തെ തോടുവഴി നിലവിലുള്ളപോലെ താഴേക്കൊഴുകി മംഗലംപുഴയിലെത്തും.
ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണിത്. പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി എന്നപേരിൽ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വർഷത്തിൽ 3.78 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് പദ്ധതിവഴി ലക്ഷ്യംവച്ചിട്ടുള്ളത്. നാലു മാസംമുമ്പ് പദ്ധതിയുടെ പവർ ഹൗസിന്റെയും തടയണയുടെയും ഉദ്ഘാടനം നടത്തിയിരുന്നു.
എന്തായാലും ഇടയ്ക്കുവച്ച് നിർത്തിവയ്ക്കുമോ എന്ന ആശങ്ക ജനിപ്പിച്ച പദ്ധതി സാധ്യമായതിന്റെ സന്തോഷത്തിലാണ് പാലക്കുഴിക്കാർ.
