ചെറുതോണി: പതിവുതെറ്റിക്കാതെ റോഷി ഇത്തവണയും ലേവി അപ്പാപ്പനെ വീട്ടിലെത്തിക്കണ്ട് അനുഗ്രഹം വാങ്ങി. കഴിഞ്ഞ അഞ്ചു തവണയും റോഷിയുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച അപ്പാപ്പന് ആറാം വട്ടവും നീതന്നെ എന്ന് പറഞ്ഞാണ് അനുഗ്രഹിച്ചത്.104 വയസായ ലേവി അപ്പാപ്പന് ഇടുക്കി നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍മാരിലൊരാളാണ്. നാലു മക്കളാണ് അപ്പാപ്പന്.
ഭാര്യയുടെ വിയോഗശേഷം മൂത്ത മകൻ ഇ.എല്‍. ജോര്‍ജിനൊപ്പം പുത്തേട് ആണ് താമസം. അപ്പാപ്പനെ പൊന്നാടയണിച്ച് റോഷി ആദരിച്ചപ്പോള്‍ അദ്ദേഹം കെട്ടിപ്പിടിച്ച് മുത്തം നല്കി സ്നേഹം മടക്കി നല്കി.എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഫല പ്രഖ്യാപന ശേഷവും മണ്ഡലത്തിലെത്തുമ്പോള്‍ മൂലമറ്റത്തെ ഇടയപുരയ്ക്കല്‍ വീട്ടില്‍ ഇ.ജെ. ലേവിയെ കണ്ട് റോഷി അനുഗ്രഹം തേടാറുണ്ട്.
മന്ത്രിയായതിനു ശേഷവും മണ്ഡലത്തിലെത്തിയപ്പോള്ത്തന്നെ അപ്പാപ്പന്റെ വീട്ടിലെത്തി സന്തോഷം പങ്കുവച്ചിരുന്നു. മണ്ണിനോടും മൃഗങ്ങളോടും മല്ലിട്ട് ജീവിതം പടുത്തുയര്‍ത്തിയ അപ്പാപ്പന് ഇടുക്കിയിലെ കര്‍ഷകന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിനിധി കൂടിയാണ്.ഇന്നലെ മൂലമറ്റം ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്താണ് റോഷി മണ്ഡല പര്യടനം തുടങ്ങിയത്.
ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ഥി കമ്മിറ്റിക്കാരോടൊപ്പം സമയം ചെലവഴിച്ചതിനു ശേഷം ഉത്സവത്തിന്റെ ഭാഗമാകാന്‍ എത്തിയവോട് വോട്ടഭ്യര്‍ഥിച്ചാണ് മടങ്ങിയത്. തുടര്‍ന്ന് മണ്ഡലത്തിലെ മഠങ്ങളിലെത്തി കന്യാസ്ത്രീകളുടെ അനുഗ്രഹം തേടി. തുടര്‍ന്ന് മൂലമറ്റത്തെ വിവിധ സ്കൂളുകളിലെത്തി അധ്യാപകരെയും കണ്ടു.
മൂലമറ്റം പവര്‍ ഹൗസിന്റെ മിനിയേച്ചര്‍ പ്രോജക്ട് മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നവീകരണം വരെ നീളുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചാണ് റോഷി വോട്ടര്‍മാരെ സമീപിച്ചത്. മൂലമറ്റത്തുനിന്ന് നാരകക്കാനത്തേക്ക് തിരിച്ച റോഷി അവിടെ വിവിധ മേഖലളില്‍ പര്യടനം നടത്തി.
തുടര്‍ന്ന് വാഴത്തോപ്പ് പഞ്ചായത്തിൽ മണ്ഡല പര്യടനം തുടര്‍ന്നു. പഞ്ചായത്തില്‍ നടത്തിയ 257 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു പറഞ്ഞും വോട്ടര്‍മാരുടെ സംശയം ദൂരീകരിച്ചുമാണ് റോഷി വോട്ടഭ്യർഥിച്ചത്.
