ബാങ്ക് ഉദ്യോഗസ്ഥർ ചമഞ്ഞ് ആളുകളിൽ നിന്ന് പണം തട്ടുന്ന സംഘം ഡൽഹിയിൽ പിടിയിൽ.ആകാശ്, ശിവം, ടീറ്റു, പ്രിൻസ് എന്നിവരാണ് അറസ്റ്റിലായത്. വാഹനങ്ങളുടെ ഇഎംഐ കുടിശിക പരിശോധിക്കാനുള്ള ഒരു മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് പ്രതികൾ ഇരകളെ കണ്ടെത്തിയിരുന്നത്. ബാങ്ക് റിക്കവറി ഏജന്റുമാരെന്ന വ്യാജേന വാഹന ഉടമകളെ റോഡിൽ തടഞ്ഞുനിർത്തുന്നതായിരുന്നു ഇവരുടെ രീതി.
കേശവ് കുമാർ എന്ന വ്യക്തി പരാതി നൽകിയതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. മാർച്ച് 26 ന് കേശവിനെ കാറിലെത്തിയ സംഘം ഐടിഒയ്ക്കു സമീപത്തുവച്ച് പിടിച്ചുകൊണ്ടുപോയി മർദിച്ചു. തുടർന്ന് 18,000 രൂപ ഓൺലൈൻ ട്രാൻസ്ഫർ വഴി തട്ടിയെടുത്തു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നമ്പർ പ്ലേറ്റില്ലാത്ത കാറായിരുന്നു പ്രതികൾ ഉപയോഗിച്ചുകൊണ്ടിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച അഞ്ച് മൊബൈൽ ഫോണുകളും കാറും പോലീസ് പിടിച്ചെടുത്തു. സംഘത്തിന്റെ മറ്റ് തട്ടിപ്പുകളെക്കുറിച്ചും സാന്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.
