യാത്രയ്ക്കിടെ ഓട്ടോയിൽ കണ്ട ഒരു ഹൃദയസ്പർശിയായ കുറിപ്പ് യുവതി പങ്കുവച്ചതോടെ സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങളും സ്നേഹവും ഒഴുകിയെത്തി. ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസറായ ഉന്നതി ദേവാലിയ, മുംബൈയിലെ യാത്രയ്ക്കിടയിൽ ഓട്ടോയിൽ എഴുതിവച്ചിരിക്കുന്ന ചെറിയ ഒരു കുറിപ്പ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്.
ഞാനും ഒരാളുടെ പിതാവും സഹോദരനുമാണ്, നിങ്ങളുടെ സുരക്ഷിതത്വം എിനക്ക് വളരെ പ്രധാനമാണ്. വിഷമങ്ങളില്ലാതെ സമാധാനത്തോടെയിരിക്കൂ…. ഇങ്ങനെയായിരുന്നു ഓട്ടോയിലെ കുറിപ്പ്. യാത്രക്കാർക്ക് പിൻസീറ്റിലിരുന്ന് വായിക്കാവുന്ന വിധത്തിലാണ് ഇത് എഴുതിയിരുന്നത്.
എല്ലാ പുരുഷന്മാരും ഒരു ഭീഷണിയല്ലെന്നും, ചിലർ ആരുടെയൊക്കെയോ സുരക്ഷിത ഇടങ്ങളാണെന്നും നിങ്ങൾ തിരിച്ചറിയുന്ന നിമിഷം, എന്ന കുറിപ്പോടെയാണ് യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പലപ്പോഴും അനുഭവപ്പെടാറുള്ള ആശങ്കകളുമായി ഈ വീഡിയോയെ പലരും താരതമ്യം ചെയ്തു. പൊതുസ്ഥലങ്ങളിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നതിൽ ചെറിയ പ്രവൃത്തികൾ പോലും എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.
മുംബൈപോലുള്ള മെട്രോപോളിറ്റൻ നഗരങ്ങളിൽ, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ, ഈ ഡ്രൈവറുടെ വിവേകപൂർണമായ കുറിപ്പ് വ്യക്തിപരമായ ഉത്തരവാദിത്തത്തിന്റെ ഉത്തമ ഉദാഹരമാണ്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ വൈകാരികമായ പ്രതികരണങ്ങളാണ് കമന്റുകളിൽ നിറഞ്ഞുനിൽക്കുന്നത്.
