തലശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര നടത്തരികത്തു വീട്ടിൽ ആർ.എൽ. നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ പ്രധാന പ്രതി പോലീസ് വലയിൽ. കോളജിലെ ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ. റാമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ആന്ധ്രാ സ്വദേശിയായ ഇയാളെ കർണാടകയിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായതെന്നാണ് റിപ്പോർട്ട്. എന്നാൽ, പോലീസ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടിട്ടില്ല. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഡോ. റാമിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. കർണാടകയിലും തമിഴ്നാട്ടിലുമാണ് ഡോ. റാം പഠിച്ചത്. പഠനകാലത്തെ സഹപാഠിയായ മലയാളിയെ വിവാഹം കഴിച്ചതോടെയാണ് ഡോകടർ റാം കണ്ണൂരിലെത്തുന്നത്.
ധർമടം പാലയാട് ഒന്നര പതിറ്റാണ്ടിലേറെ കാലമായി ഡോ. റാം ക്ലിനിക്ക് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകർ ക്ലിനിക്കിലേക്ക് മാർച്ച് നടത്തുകയും ക്ലിനിക്ക് ചങ്ങലയിട്ട് പൂട്ടുകയും ചെയ്തിരുന്നു.ഇതിനിടയിൽ കേസിൽ കോളജിലെ വിദ്യാർഥികൾ നൽകിയ മൊഴിയിലെ വൈരുധ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
കേസിൽ പ്രതിസ്ഥാനത്തുള്ള മറ്റൊരു അധ്യാപികയായ ഡോക്ടർ കെ.ടി. സംഗീത നമ്പ്യാർക്കെതിരേയുള്ള കുട്ടികളുടെ മൊഴികളിലാണ് വ്യാപകമായ വൈരുധ്യം കടന്നു വന്നിട്ടുള്ളത്. അധ്യാപിക സംഭവത്തിൽ തീർത്തും നിരപരാധിയാണെന്നാണ് ഇപ്പോൾ കുട്ടികളുടെ നിലപാട്. എഫ്ഐആറിൽ പ്രതി സ്ഥാനത്തുള്ള സംഗീത നിരപരാധിയാണെന്ന കുട്ടികളുടെ പുതിയ മൊഴികൾ അന്വഷണ സംഘത്തെ കുഴക്കിയിട്ടുണ്ട്.
ഡോ. സംഗീത നിരപരാധിയാണെന്ന് പറയുന്ന കുട്ടികൾ ഡോ. റാമിനെതിരെ അതീവ ഗുരുതരമായ കൂടുതൽ മൊഴികൾ നൽകിയതായും അറിയുന്നു.ഇന്ന് കൂടുതൽ കുട്ടികൾ കാമ്പസിൽ എത്തുന്നുണ്ട്. അവരിൽ നിന്നു പോലീസ് കൂടുതൽ വിശദമായ മൊഴികൾ ഇന്ന് രേഖപ്പെടുത്തും. നിതിൻ രാജിന്റെ ലോൺ കുരുക്ക് സംബന്ധിച്ച കൂടുതൽ വിവരങ്ങളും ഇതിനകം പോലീസ് ശേഖരിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജിന്റെ ഉടമ വിദേശത്തു നിന്ന് നാട്ടിലെത്തിയതായും വിവരമുണ്ട്. മാനേജ്മെന്റ് ഇന്ന് മാധ്യമങ്ങളെ കാണുമെന്നും റിപ്പോർട്ടുണ്ട്. കോളജ് സ്ഥിതി ചെയ്യുന്ന കാമ്പസിലെ 250 ഏക്കർ സ്ഥലം സംബന്ധിച്ച വിവാദങ്ങൾക്കും ഇതിനതം ചൂട് പിടിച്ചിട്ടുണ്ട്.
