തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോര്‍ഡംഗം അജികുമാര്‍ ഉള്‍പ്പെടെയുള്ള ദേവസ്വം ഭാരവാഹികളുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. 2025 ല്‍ ശബരിമലയില്‍ നിന്നു പാളികള്‍ ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തിലാണ് നിലവില്‍ അന്വേഷണം നടത്തുന്നത്.
കോടതിയുടെ അനുമതിയില്ലാതെയായിരുന്നു അന്ന് സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഈ സംഭവം വിവാദമായതിനു പിന്നാലെയാണ് ശബരിമലയില്‍ നിന്നു നേരത്തെ കടത്തിയ സ്വര്‍ണക്കൊള്ള പുറത്തുവന്നത്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന എ. പത്മകുമാര്‍, ദേവസ്വം കമ്മീഷണറും പ്രസിഡനന്റുമായിരുന്ന വാസു, ദേവസ്വം ഉദ്യോഗസ്ഥന് മുരാരി ബാബു, ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ് ഉള്‍പ്പെടെയുള്ളവരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കുറ്റപത്രം നല്കാത്തതിനാല് എല്ലാവര്ക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ശബരിമല സ്വര്ണക്കൊള്ളകേസിന്റെ അന്വേഷണം നിലച്ചിരുന്നു. 2025 ലെ സ്വര്‍ണക്കൊള്ളയിലാണ് ഇപ്പോള്‍ അന്വേഷണം തുടങ്ങിയിരിക്കുന്നത്.
