പരവൂർ: റെയിൽവേ പ്ലാറ്റ്ഫോമുകളിൽ വർധിച്ചുവരുന്ന അപകടങ്ങൾ തടയാൻ കർശന നടപടികളുമായി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്). ഓടുന്ന ട്രെയിനുകളിൽ ഓടിക്കയറുന്നവർക്കും നിർത്തുന്നതിന് മുൻപ് ചാടിയിറങ്ങുന്നവർക്കും ഇനി മുതൽ പ്ലാറ്റ്ഫോമിൽ വച്ചുതന്നെ 2000 രൂപ വരെ പിഴ ചുമത്തും. ഇതുവരെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പ് നൽകുകയോ റെയിൽവേ കോടതിയെ സമീപിക്കുകയോ ചെയ്തിരുന്ന രീതിക്കാണ് മാറ്റം വരുന്നത്.
തിരുവനന്തപുരം ഡിവിഷനിൽ ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ മാത്രം ഇത്തരത്തിലുള്ള 37 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 12 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 25 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ 30-ന് എറണാകുളം ജംഗ്ഷനിൽ വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയിൽ വീണ് യുവതി മരിച്ച സംഭവം റെയിൽവേയെ ഗൗരവകരമായ ഈ നീക്കത്തിന് പ്രേരിപ്പിച്ചു. 2025-ൽ മാത്രം ഡിവിഷനിൽ ഇത്തരത്തിൽ 113 അപകടങ്ങളിലായി 31 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
റെയിൽവേ ആക്റ്റിലെ സെക്ഷൻ 156 പ്രകാരം അപകടകരമായ ഇത്തരം രീതികളെ ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്. യാത്രക്കാർക്ക് സെക്കൻഡുകളുടെ ലാഭത്തേക്കാൾ ജീവന്റെ വില ബോധ്യപ്പെടുത്തുക എന്നതാണ് ഈ ഉടൻ പിഴ ശിക്ഷയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഔദ്യോഗിക സർക്കുലർ രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറങ്ങും.
സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ പോലും ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുന്ന യാത്രക്കാരുടെ പ്രവണതയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ട്രെയിൻ വളവുകൾ തിരിയുമ്പോൾ ബാലൻസ് നഷ്ടപ്പെടുന്നതും ഭാരമേറിയ വാതിലുകൾ പെട്ടെന്ന് അടയുന്നതും യാത്രക്കാരെ പുറത്തേക്ക് വലിച്ചെറിയാൻ കാരണമാകുമെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പിടിക്കപ്പെടുന്നവർക്ക് കൗൺസിലിംഗ് നൽകുന്നതിനൊപ്പം തിരക്കേറിയ ട്രെയിനുകളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
