കൊച്ചി: ഡിജിറ്റല്‍ അറസ്റ്റ്- ടെലഗ്രാം തട്ടിപ്പ് കേസുകളിലെ മുഖ്യ സൂത്രധാരന്മാര് അറസ്റ്റിലായ കേസില്‍ ചുരുളഴിഞ്ഞത് വന്‍ തട്ടിപ്പ്. രാജ്യവ്യാപകമായി ആളുകളെ ലക്ഷ്യമിട്ട് നടന്ന ഡിജിറ്റല്‍ അറസ്റ്റ്, സൈബര്‍ ട്രേഡിംഗ് തട്ടിപ്പ് കേസുകളിലെ മുഖ്യ പ്രതികളെ തെലങ്കാനയിലെ മെഡിച്ചാല് മലക്ജിരി, ഹൈദരാബാദ് ജില്ലകളില്‍ നിന്നും ഒന്നിലധികം കേന്ദ്രങ്ങളില്‍ നടത്തിയ സമന്വയ ഓപ്പറേഷനിലൂടെയാണ് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്.
പത്തു ദിവസങ്ങളായി നടത്തിയ സമാന്തര സൈബര്‍ ദൗത്യ ഓപ്പറേഷനുകള്‍ക്കൊടുവിലാണ് ഹൈദരാബാദില്‍ നിന്ന് രണ്ട് പ്രധാന പ്രതികളെ അതിസാഹസികമായി അറസ്റ്റ് ചെയ്യാനായത്. ഡിജിറ്റല്‍ അറസ്റ്റ് കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ജീഡി മെറ്റ്ല പ്രദേശത്ത് നിന്ന് നിരഞ്ജന് ചൗധരിയെയും( 40) ടെലഗ്രാം ട്രേഡിംഗ് സൈബര്‍ തട്ടിപ്പ് കേസില്‍ സബ്സാ കോളനിയില്‍ നിന്ന് സയ്യിദ് ഹസന് അലിയെയും(39) ആണ് അറസ്റ്റ് ചെയ്തത്.
ചുരുളഴിഞ്ഞത് വന്‍ തട്ടിപ്പ് കേസ്
പോലീസ് അന്വേഷണത്തില്‍, എറണാകുളം സ്വദേശിയായ 77കാരനെ ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി ഏകദേശം ആറു കോടി രൂപ തട്ടിയെടുത്ത കേസിലെ മൂന്ന് കോടി രൂപ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഷന്തന് ആര്‍ട്സ് ആന്‍ഡ് പ്രിന്റേഴ്സ് ഉടമയായ നിരഞ്ജന് ചൗധരി തട്ടിയെടുത്തതായും വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം പിന്‍വലിച്ച ശേഷം കംബോഡിയ ആസ്ഥാനമായ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കൈമാറിയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
മറ്റൊരു കേസായ എറണാകുളത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറുടെ 38 ലക്ഷം രൂപ നഷ്ടമായ കേസില്‍ പ്രതിയുടെ ബാങ്ക് അക്കൗണ്ടിനു ബന്ധമുള്ളതായി കണ്ടെത്തുകയും, തുടര്‍ന്ന് നടത്തിയ അനേഷണത്തില്‍ പ്രതിയായ സയ്യിദ് ഹസന് അലി ടെലഗ്രാം ട്രേഡിംഗ് സൈബര്‍ തട്ടിപ്പ് കേസുകളില്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ബിസിനസ് ആവശ്യങ്ങളുടെ മറവില്‍ ഉപയോഗിച്ച് കോടികള്‍ കൈമാറിയതായി പോലീസ് കണ്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി സയ്യിദ് ഹസന് അലിക്ക് എതിരെ 31 സൈബര്‍ പരാതികള്‍ നിലവിലുണ്ടെന്നും, രാജ്യത്തെ വിവിധ സ്റ്റേഷനുകളിലെ പരാതികളിലായി 2.71 കോടി രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍ ഫ്രീസ് ചെയ്തിട്ടുളളതായി കണ്ടെത്തി. ദുബൈ കേന്ദ്രീകരിച്ച സൈബര്‍ തട്ടിപ്പ് ശൃംഖലയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
പ്രതികളെ പിടികൂടാന്‍ പോയ പോലീസ് സംഘം അതീവ അപകടകരമായ സാഹചര്യങ്ങള്‍ നേരിട്ടു. രഹസ്യ നീക്കങ്ങള്‍ക്കും സമാന്തര ഓപ്പറേഷനുകള്‍ക്കും ഒടുവിലാണ് പ്രതികളുടെ അറസ്റ്റ് സാധ്യമായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം കൊച്ചി സിറ്റി ഡി.സി.പി–2 ഷാഹിന്‍ഷായുടെ മേല്‍ നോട്ടത്തില്‍ സൈബര്‍ ക്രൈം എസിപി അനില്‍കുമാര്‍, എഎസ്ഐ ശ്യാം, എസ്സിപിഒമാരായ അജിത് രാജ്, അരുണ്‍, കെ.ആര്. അനീഷ്, നിഖില്‍, അജിത് ബാലചന്ദ്രന്, സിപിഒമാരായ ബിന്ദോഷ്, ആല്‍ഫിറ്റ് ആന്‍ഡ്രൂസ്, ഷറഫുദ്ദീന് എന്നിവരടങ്ങുന്ന സംഘമാണ് ഈ ഓപ്പറേഷന് പൂര്‍ത്തീകരിച്ചത്.
