എടത്വ: കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നത്തിന് പുതിയ സര്‍ക്കാര്‍ എത്തുന്നതോടെ ശാശ്വത പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് കുട്ടനാടന്‍ ജനത. ഇവിടുത്തെ കുടിവെള്ളപ്രശ്നം ഏറെ ക്കാലമായി നിലനില്‍ക്കുന്ന ഒരു ഗുരുതര വിഷയമാണ്. നിയുക്ത എംഎല്‍എ റെജി ചെറിയാന് വിജയിച്ച ഉടനെ തന്നെ കുട്ടനാടിന് ആദ്യ സമ്മാനമായി കുടിവെള്ളം എത്തിക്കുമെന്നാണ് പറഞ്ഞത്.
റെജി ചെറിയാന്റെ പ്രഖ്യാപനത്തിലും പുതിയ സര്‍ക്കാരിലും പ്രതീക്ഷയര്‍പ്പിച്ച് ഉടനെ തന്നെ കുടിവെള്ളമെത്തുമെന്നുള്ള ആശ്വാസത്തിലാണ് കുട്ടനാടന്‍ ജനത. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും വര്‍ഷങ്ങളായി ശുദ്ധജലമെത്തുന്നില്ല, കുടിവെള്ളമെത്തിക്കാനായി ഒട്ടേറെ പദ്ധതികള്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും കുടിവെള്ളം എങ്ങും എത്തിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം മാറ്റാനായി കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച നീരേറ്റുപുറം ശുദ്ധജല പദ്ധതി കൊണ്ട് വേണ്ടത്ര ഫലമുണ്ടായില്ല. ഈ പ്ലാന്റില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും പ്ലാന്റ് ഇരിക്കുന്ന തലവടിയിലും സമീപ പഞ്ചായത്തായ എടത്വായിലും എത്തുന്നില്ല. കോടികള്‍ ചെലവഴിച്ച് വീണ്ടും പുതിയ പ്ലാന്റ് നിര്‍മാണം നടക്കുകയാണ്. തിരുവല്ലയില്‍ നിന്നു പമ്പ് ചെയ്യുന്ന ജലമാണ് ജല അഥോറിറ്റി കുട്ടനാട്ടില്‍ പലയിടത്തും വിതരണം ചെയ്യുന്നത്. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ്.
വാട്ടര്‍ അഥോറിറ്റി വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച പൈപ്പുകള്‍ കാലപ്പഴക്കംമൂലം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പലയിടത്തും. 20 വര്‍ഷത്തിലധികമായി കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളുമുണ്ട്. കിഫ്ബി പദ്ധതിയിലൂടെ കുട്ടനാട്ടില്‍ എല്ലായിടത്തും ഇപ്പോള്‍ പുതിയ പൈപ്പ് സ്ഥാപിക്കുന്നുണ്ട്. ഈ പൈപ്പിലൂടെ 2027 ആദ്യം ശുദ്ധജലമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വേനല്‍ കടുത്തതോടെ ശുദ്ധജലക്ഷാമവും രൂക്ഷമാണ്. പല സ്ഥലങ്ങളിലും പൈപ്പ് വെള്ള വിതരണ സംവിധാനം പര്യാപ്തമല്ല. കിണറുകളിലെയും ഇടത്തോടുകളിലെയും വെള്ളം വറ്റിയതിനാല്‍ പ്രാഥമിക ആവശ്യത്തിനു പോലും വെള്ളം ഇല്ലാതെ വലയുകയാണ്. കുടിവെള്ള വിതരണത്തിന് എല്ലാ വാര്‍ഡുകളിലും കിയോസ്ക്കുകള്‍ സ്ഥാപിക്കാനായി സ്റ്റാന്‍ഡുകള്‍ സ്ഥാപിച്ചതല്ലാതെ ടാങ്കുകളോ കുടിവെള്ളമോ എങ്ങും എത്തിയിട്ടില്ല.
പമ്പാ നദിയിലെയും സമീപ ജലസ്രോതസുകളിലെയും മലിനീകരണം കാരണം പലരും സുരക്ഷിതമല്ലാത്ത വെള്ളം ഉപയോഗിക്കുന്ന സാഹചര്യമാണ് ഉള്ളത്. മാലിന്യമേറിയ തോട്ടില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നതിനാല്‍ സാക്രമിക രോഗങ്ങള്‍ ഉള്‍പ്പെടെ പകരാന്‍ സാധ്യത ഏറെയാണ്.
കിണര്‍ വെള്ളം കുട്ടനാട്ടില്‍ പലപ്പോഴും ആശ്വാസമാണെങ്കിലും വെള്ളപ്പൊക്ക സമയത്ത് ജലം ഉയര്‍ന്ന് കിണറുകളില്‍ മലിനജലം കലരുന്നതോടെ കിണറുകളേയും ആശ്രയിക്കാന്‍ സാധിക്കാതെ വരും. ബണ്ടുകള്‍ തുറക്കുന്ന സമയത്ത് നദികളില്‍ ഉപ്പുവെള്ളം കയറുകയും ചെയ്യും. കുടിവെള്ളമില്ലാതെ കുട്ടനാട്ടില്‍ ജനം നട്ടംതിരിയുമ്പോള്‍ പലസ്ഥലങ്ങളിലായി ലക്ഷക്കണക്കിന് ശുദ്ധജലമാണ് ജലഅഥോറിറ്റി പാഴാക്കിക്കളയുന്നതെന്നും പരാതി ഉണ്ട്. പലേടത്തും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നുമുണ്ട്.
