പൂച്ചാക്കൽ: മുൻ വൈരാഗ്യത്തിന്റെ പേരിൽ വയോധികനെ സമീപവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് ആക്രമിച്ച കേസിൽ പ്രതികളിൽ രണ്ടു പേർ അറസ്റ്റിൽ. പാണാവള്ളി പഞ്ചായത്ത് അ ഞ്ചാം വാർഡിൽ തൃച്ചാറ്റുകുളം ശംലാ മൻസിൽ കരീമിന്റെ മകൻ സത്താർ (43), സത്താറിന്റെ മകൻ ഷഹബാസ് എന്നിവരെയാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയതത്.
പാണാവള്ളി പഞ്ചായത്ത് കുഴിപ്പറമ്പത്ത് നികർത്ത് വിജയനാണ് (64) ആക്രമണത്തിനിരയായത്. തടയാനെത്തിയ കുടുംബാംഗങ്ങൾക്കും മർദനമേറ്റു. ഉടുമുണ്ടുരിഞ്ഞും തെങ്ങിൽ കെട്ടിയിട്ടുമാണ് കൂട്ടംചേർന്ന് ആക്രമിച്ചത്.
മൂക്കിന്റെ അസ്ഥിപൊട്ടിയത് ഉൾപ്പെടെ വിജയനു ഗുരുതര പരിക്കുണ്ട്.സംഭവത്തിൽ സമീപവാസി സത്താറും കുടുംബാംഗങ്ങളും ഉൾപ്പെടെ ആറു പേർക്കെതിരേ പൂച്ചാക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്. വിജയനെ നേരത്തെ ആക്രമിച്ച കേസ് കോടതിയിലുണ്ട്.
ഇതിന്റെ വിരോധത്തിലാണ് കഴിഞ്ഞ ഏഴിന് രാത്രി വീട്ടുമുറ്റത്തുനിന്ന് വിജയനെ വലിച്ചിഴച്ച് എത്തിച്ച് ക്രൂരമായി ആക്രമിച്ചതെന്ന് പൂച്ചാക്കൽ പോലീസ് പറഞ്ഞു.
