കണ്ണൂര്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലുണ്ടായ വോട്ടു ചോർച്ച അതീവ ഗൗരവത്തോടെ പരിശോധിക്കാൻ സിപിഎം തീരുമാനം. കോട്ടകളെന്ന് വിശേഷിപ്പിച്ചു പോന്നിരുന്ന പയ്യന്നൂർ, തളിപ്പറന്പ് മണ്ഡലങ്ങളിൽ പാർട്ടിയെ വെല്ലുവിളിച്ച് മത്സരിച്ച മുൻ നേതാക്കൾക്കുണ്ടായ വിജയം, 2021ൽ സംസ്ഥാനത്ത് റിക്കാർഡ് ഭൂരിപക്ഷം നേടി കെ.കെ. ശൈലജ വിജയിച്ച മട്ടന്നൂരിലെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടത്തെയും ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് എന്നിവ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിലും വലിയ മാനക്കേടാണുണ്ടാക്കിയതെന്നാണ് പോളിറ്റ് ബ്യൂറോ വിലയിരുത്തിയത്. ഈ സാഹചര്യത്തിൽ ജില്ലയിലെ വോട്ടു ചോർച്ചയുടെ എണ്ണം സൂക്ഷ്മമായി പരിശോധിക്കാനാണ് തീരുമാനം.
ഇതിനു പിന്നിൽ പാർട്ടിയുമായി ബന്ധപ്പെട്ടവരുണ്ടെന്ന് കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുക. തളിപ്പറമ്പിലും പയ്യന്നൂരും ബൂത്ത് തലത്തിലെ വോട്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കും. വീഴ്ച കണ്ടെത്തിയ ഘടകങ്ങളിലെ നേതൃത്വത്തോട് വിശദീകരണവും തേടും. നിയമസഭാ പരാജയം സംബന്ധിച്ച് വിലയിരുത്തുന്ന ജില്ലാ കമ്മിറ്റികൾക്കു ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. പരാജയം സംബന്ധിച്ച കാര്യങ്ങൾ കീഴ്ഘടകങ്ങൾ നൽകുന്ന റിപ്പോർട്ടിൽ മാത്രമൊതുക്കാതെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കാരണം കണ്ടെത്താനുള്ള പുതിയ ക്രമീകരണവും ഒരുക്കാനാണ് തീരുമാനം.
ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പ് അവലോകനം ചെയ്യും. നാളെയും മറ്റന്നാളുമായി സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്. 15 മുതലാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ നടക്കുക. തുടർ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റികളും ചേരും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് താഴെത്തട്ടു മുതലുള്ള തിരുത്തൽ നടപടികൾ ആരംഭിക്കക. സംസ്ഥാന നേതാക്കളുള്പ്പടെയുള്ളവര്ക്ക് കീഴ്ഘടകങ്ങളിലടക്കം പ്രത്യേക ചുമതല നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ഇതു സംബന്ധിച്ച് ചർച്ച ചെയ്ത് രൂപരേഖ തയാറാക്കുമെന്നാണ് അറിയുന്നത്.
പയ്യന്നൂരിലും തളിപ്പറന്പിലുമുണ്ടായ പരാജയത്തിന് പിന്നാലെ ചില നേതാക്കൾക്കെതിരെയും മറ്റു ചിലരെ പുകഴ്ത്തിയും പ്രത്യക്ഷപ്പെട്ട പോസ്റ്റർ വിവാദവും പാർട്ടി നേതൃത്വം അന്വേഷണ വിധേയമാക്കും. രണ്ടിടങ്ങളിലും പാർട്ടിയുടെ നേതൃനിരയിലുള്ള ചിലർ തന്നെ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ അണിയറ നീക്കം നടത്തിയെന്ന ആരോപണം വളരെ ഗൗരവകരമായി പരിശോധിക്കും. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ രക്തസാക്ഷി ഫണ്ട് ഉൾപ്പടെയുള്ള ക്രമക്കേട് സംബന്ധിച്ച് ആരോപണ വിധേയനെ പാർട്ടി സംരക്ഷിച്ചത് ശരിയായ നിലപാടല്ലെന്ന് ചിലർ പാർട്ടിക്കുള്ളിൽ പറഞ്ഞിരുന്നു. എന്നാൽ, നേതൃത്വത്തിന്റെ നിലപാട് വോട്ടർമാർ തള്ളിയതാണ് പയ്യന്നൂരിൽ കണ്ടത്.
തളിപ്പറന്പിൽ പാർട്ടി ഭരിക്കുന്ന പരിയാരം, കുറുമാത്തൂർ പഞ്ചായത്തുകളിൽ ടി.കെ. ഗോവിന്ദൻ നേടിയ വോട്ടുകളും സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. പരിയാരം പഞ്ചായത്തില് 1785 വോട്ടിന്റെയും കുറുമാത്തൂരില് 2545 വോട്ടിന്റെയും ലീഡാണ് ടി.കെ. ഗോവിന്ദൻ നേടിയത്. എൽഡിഎഫ് പഞ്ചായത്തായ മയ്യിലിൽ 99 വോട്ടിന്റെയും സിപിഎം ശക്തികേന്ദ്രമായ കുറ്റ്യാട്ടൂരിൽ 1662 വോട്ടിന്റെയും ഭൂരിപക്ഷം മാത്രമാണ് ഇടത് സ്ഥാനാർഥി പി.കെ.ശ്യാമളയ്ക്ക് കിട്ടിയത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായി അറിയപ്പെട്ടിരുന്ന മലപ്പട്ടം പഞ്ചായത്തിൽ കേവലം 672 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ശ്യാമളയ്ക്ക് ലഭിച്ചത്.
സ്വന്തം ലേഖകൻ
