കട്ടപ്പന: അപകടം തലയ്ക്ക് മുകളിൽ നിൽക്കുമ്പോൾ ഉറങ്ങാൻ കഴിയാതെ ഭീതിയിലാണ് കട്ടപ്പന സ്വദേശി മാവുങ്കൽ തങ്കച്ചനും കുടുംബവും. നിയന്ത്രണംവിട്ട് വരുന്ന ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽനിന്ന് 300 അടിയോളം താഴ്ചയിൽ, തങ്കച്ചന്റെ വീടിനു മുകളിലേക്കാണ് പതിക്കുന്നത്.
തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ കട്ടപ്പന ഹിൽ ടോപ്പിലാണ് മാവുങ്കൽ തങ്കച്ചന്റെ വീട്. വീടിന് 300 മീറ്ററോളം ഉയരത്തിൽ കൊടുംവളവിൽനിന്ന് വാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയുന്നത് പതിവാണ്.
കഴിഞ്ഞ ജനുവരി പത്തിന് ടോറസ് ലോറി ക്രാഷ് ബാരിയർ തകർത്ത് തങ്കച്ചന്റെ പുരയിടത്തിലേക്ക് മറിഞ്ഞു. വർഷത്തിൽ രണ്ട് അപകടമെങ്കിലും ഇവിടെ ഉണ്ടാകാറുണ്ട്.
അപകടങ്ങൾ തുടർക്കഥയായതോടെ കൃഷി ചെയ്യാൻ പോലും കഴിയുന്നില്ല. ജനുവരിയിൽ മറിഞ്ഞ ലോറി നാലു മാസത്തിനുശേഷമാണ് ഇവിടെനിന്ന് മാറ്റിയത്. പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ പലതവണ പരാതി നൽകി.
എന്നാൽ റോഡ് സുരക്ഷ മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന് പറഞ്ഞ് ഇവർ കൈയൊഴിഞ്ഞു. സ്വസ്ഥമായൊന്ന് ഉറങ്ങാനാകാതെ ഭീതിയിലാണ് തങ്കച്ചനും കുടുംബവും.
