അമ്പലപ്പുഴ: പൊതുതോട് സ്വകാര്യവ്യക്തി നികത്തിയതോടെ ഒരു പ്രദേശം മുഴുവൻ ഒറ്റമഴയിൽ വെള്ളക്കെട്ടിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ എൻഎസ്എസ് യുപി സ്കൂളിന് കിഴക്ക് പഴനിലം ഭാഗത്തെ 40 ഓളം കുടുംബങ്ങൾ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്.
ഈ പ്രദേശത്തെ കരവെള്ളം പൂക്കൈത ആറുമായി ബന്ധപ്പെട്ടുള്ള വെട്ടിക്കരിത്തോട്ടിലേക്ക് ഒഴുകിയിരുന്ന കൈത്തോടാണ് നീരൊഴുക്കിനായി പൈപ്പുകൾ സ്ഥാപിച്ചശേഷം സ്വകാര്യവ്യക്തി നികത്തിയത്. റോഡിന് കുറുകെ കലുങ്കും നിർമിച്ചിരുന്നു. മണ്ണിനടിയിൽ സ്ഥാപിച്ചിരുന്ന പൈപ്പ് കാലപ്പഴക്കത്താൽ തകർന്നതാണ് നീരൊഴുക്ക് തടസപ്പെടാൻ കാരണം. വ്യാഴാഴ്ച തുടർച്ചയായി പെയ്ത ഒറ്റ മഴയിൽ പഴനിലം അശോകൻ, ഷെരീഫ് എന്നിവരുടെ വീടുകൾ പൂർണമായും വെള്ളത്തിലായി.
ഇവർ ബന്ധുവീടുകളിൽ അഭയംതേടിയിരിക്കുകയാണ്. മഴ തുടരുന്നതോടെ മറ്റ് വീടുകളും വെള്ളത്തിൽ മുങ്ങുമെന്ന അവസ്ഥയിലാണ്. പ്രദേശത്തെ പലരുടെയും കരകൃഷികൾ വെള്ളത്തിലായി. വീടും പരിസരങ്ങളും വെള്ളക്കെട്ടിലാണ്. തുടർച്ചയായി വെള്ളം കെട്ടിക്കിടന്നാൽ വീടുകൾക്കു നാശമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ 38 ഓളം കുടുംബങ്ങൾ പുന്നപ്ര തെക്ക് പഞ്ചായത്ത് ദുരന്തനിവാരണക്കമ്മിറ്റിക്ക് പരാതി നൽകി.
തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസ്, പഞ്ചായത്തംഗം മുംതാസ് ഷെമീർ എന്നിവർ പ്രദേശം സന്ദർശിച്ചു. പൊതുതോട് നികത്തിയ ഭാഗത്തുകൂടി നീർച്ചാലുണ്ടാക്കി വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്നും തകർന്ന പൈപ്പിനു പകരം പുതിയത് സ്ഥാപിച്ച് ശാശ്വതപരിഹാരം കാണന്നമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
