ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി പരിസരത്തും ഒപി കൗണ്ടറിനു മുന്നിലും തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു. അധികൃതരുടെ കടുത്ത നിസംഗതയ്ക്കെതിരെ വലിയ ജനരോഷമാണ് പ്രദേശത്ത് ഉയരുന്നത്.കഴിഞ്ഞ തിങ്കളാഴ്ച രാത്രി കാഷ്വാലിറ്റിയിലെ ശുചിമുറിയിൽ പത്തൊൻപതുകാരി പ്രസവിച്ച ഉടൻ കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ, ആശുപത്രി ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ കൊണ്ടുമാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
കല്ലുകൾക്കും ഇരുമ്പ് കമ്പികൾക്കും ഇടയിലാണ് കുഞ്ഞ് വീണത്. കാഷ്വാലിറ്റിക്കും തൊട്ടടുത്ത് തന്നെ നിരവധി തെരുവുനായ്ക്കൾ സ്ഥിരമായി വിലസുന്നതിനാൽ, അൽപ്പസമയം വൈകിയിരുന്നെങ്കിൽ ചോരക്കുഞ്ഞ് അവയുടെ ഇരയാകുമായിരുന്നെന്ന് നാട്ടുകാർ ഭീതിയോടെ ഓർക്കുന്നു. ചികിത്സയ്ക്കെത്തിയ നിരവധി രോഗികൾക്ക് ഇതിനോടകം തന്നെ ആശുപത്രി പരിസരത്ത് വെച്ച് നായയുടെ കടിയേറ്റിട്ടുണ്ട്. ചോരക്കുഞ്ഞിനെ പുറത്തെറിഞ്ഞ നടുക്കുന്ന സംഭവം ഉണ്ടായിട്ടുകൂടി ആശുപത്രി അധികൃതർ ഉണർന്നു പ്രവർത്തിച്ചില്ലെന്നാണ് ആശുപത്രി പരിസരത്തുനിന്നുള്ള പുതിയ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
കാഷ്വാലിറ്റി പോർച്ചിലെ ഷെഡും നായകൾ കൈയടക്കുന്നു
പ്രദേശത്ത് ഇപ്പോൾ പെയ്യുന്ന ശക്തമായ മഴ ആശുപത്രിയിലെ തെരുവുനായ ശല്യം വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയിലാണ് രോഗികൾ. മഴയിൽ നിന്നും രക്ഷപ്പെടാനായി പുറത്തുനിന്നിരുന്ന നായ്ക്കൾ കൂട്ടത്തോടെ കാഷ്വാലിറ്റിയുടെ മുൻപിൽ ആംബുലൻസുകൾ വന്നുനിൽക്കുന്ന ഷെഡിന് താഴേക്കും ഒപി ടിക്കറ്റ് കൗണ്ടറിന്റെ പരിസരത്തേക്കും തള്ളിക്കയറുകയാണ്.
അതീവ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെ വാഹനങ്ങളിൽ നിന്ന് ഇറക്കുന്ന ഈ ഭാഗത്ത് നായ്ക്കൾ താവളമാക്കുന്നത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.നനഞ്ഞു കുതിർന്ന നായ്ക്കൾ അക്രമാസക്തരാകാനുള്ള സാധ്യതയും ഏറെയാണ്. രാപകലില്ലാതെ പ്രായമായവരും കുട്ടികളുമടക്കം നൂറുക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണിത്. ഒപി ടിക്കറ്റ് എടുക്കാൻ നിൽക്കുന്ന വരിയിലേക്കും അത്യാഹിത വിഭാഗത്തിന് മുന്നിലേക്കും മഴയത്ത് നായകൾ കൂട്ടത്തോടെ പാഞ്ഞടുക്കുന്നത് ഇവിടെ നിത്യസംഭവമാണ്.
അധികൃതരുടെ കുറ്റകരമായ മൗനം
നായ്ക്കൾ കാഷ്വാലിറ്റിയിലേക്കും ഒപി വരിയിലേക്കും പാഞ്ഞടുക്കുന്നത് നിത്യസംഭവമായിട്ടും, അതു തടയാൻ സെക്യൂരിറ്റി ജീവനക്കാരെ കൃത്യമായി നിയോഗിക്കാൻ ഇതുവരെ നപടിയായിട്ടില്ല. ആശുപത്രി വളപ്പിൽ സുരക്ഷ ഉറപ്പാക്കേണ്ട ആശുപത്രി അധികൃതരും, തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ നിയമപരമായ ചുമതലയുള്ള ഹരിപ്പാട് നഗരസഭയും പുലർത്തുന്ന നിസംഗതയ്ക്കെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.
വലിയ ഒരപകടം സംഭവിക്കുന്നതുവരെ കാത്തുനിൽക്കാതെ, അടിയന്തര മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ തയാറാകണം.ജനങ്ങളുടെ ജീവൻ വച്ചുള്ള ഈ കളി അവസാനിപ്പിച്ച്, ആശുപത്രിയിലേക്ക് നായ്ക്കൾ കയറുന്നത് തടയാൻ സെക്യൂരിറ്റി ജീവനക്കാരെ കൃത്യമായി നിയോഗിക്കാൻ ആശുപത്രി അധികാരികളും നായ്ക്കളെ പിടികൂടി വന്ധ്യംകരണ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ നഗരസഭയും അടിയന്തരമായി ഇടപെടണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
